ചൈനയ്ക്കും തായ് വാനും ഇടയിലുള്ള സംഘർഷം തെക്കൻ ചൈനാ കടലിനെസംഘർഷമേഖലയാക്കുമ്പോൾ, അത് മറ്റൊരു ലോകമഹായുദ്ധത്തിനു തന്നെ കളമൊരുക്കിയേക്കുമോ എന്ന ഭയവും പലരും പങ്കുവയ്ക്കുന്നുണ്ട്.

അതിനിടയിലാണ് ചൈനയുടെ മുങ്ങിക്കപ്പലുകളിൽ സംഭരിച്ച ആണവായുധങ്ങൾക്ക് പാശ്ചാത്യ ശക്തികൾക്ക് നേരെ ആഞ്ഞടിക്കുവാനുള്ള കെൽപുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. 2013-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോർട്ടിൽ തങ്ങളുടെ ആണവശക്തിയെ കുറിച്ച് ചൈന വൻതോതിൽ അവകാശവാദം മുഴക്കിയിരുന്നു.

ഈ റിപ്പോർട്ടനുസരിച്ച് ചൈനയുടെ ജിൻ ക്ലാസ് മുങ്ങിക്കപ്പലുകളിലെ ആണവായുധങ്ങൾക്ക് അമേരിക്കയിലെ 5 മില്ല്യൺ മുതൽ 12 മില്ല്യൺ ജനങ്ങളെ വരെ ഭൂമുഖത്തുനിന്നും നിശ്ശേഷം നീക്കാനുള്ള കഴിവുണ്ട്. ഈ റിപ്പോർട്ടാണ്, ചൈനയും തായ്വാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്ന ഈ അവസരത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. അതോടൊപ്പം തന്നെ നിയന്ത്രിക്കാൻ മനുഷ്യരില്ലാത്ത വാർ ഹണ്ടർ ഷിപ്പുകൾ നിർമ്മിക്കാൻ ചൈന ഒരുങ്ങുന്നതായി ഈ ആഴ്‌ച്ച മറ്റു ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അതിനിടയിൽ തായ് വാൻ അധികം വൈകാതെ ചൈനയുടേ ഭാഗമാകുമെന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രഖ്യാപനം മേഖലയിലെ സംഘർഷ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.ഏത് നിമിഷവും ഒരു യുദ്ധമുണ്ടാകാം എന്നാണ് ബെയ്ജിങ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനായി ഒരുങ്ങിയിരുന്നുകൊള്ളാൻ തായ്വാനോട് ഭീഷണിയുടെ സ്വരത്തിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഒരു യുദ്ധമുണ്ടാവുകയാണെങ്കിൽ അതിൽ അമേരിക്ക ഇടപെടുമെന്ന ആശങ്കയും കലശലായുണ്ട്.

അമേരിക്കയും ചൈനയും മുഖാമുഖം ഏറ്റുമുട്ടിയാൽ അത് സംഘർഷത്തെ ലോകം മുഴുവൻ വ്യാപിപ്പിക്കുമെന്നാണ് ഈ രംഗത്തെ വിദ്ഗ്ദർ നൽകുന്ന മുന്നറിയിപ്പ്. മാത്രമല്ല, യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ആണവായുധങ്ങൾ ഉപയോഗിക്കുകയും ചെയ്തേക്കാം. യു എസ്-ചൈന എക്കണോമിക് സെക്യുരിറ്റി റീവ്യു കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, ചൈനയുടെ മുങ്ങിക്കപ്പലിലുള്ള ആണവായുധങ്ങൾക്ക് അമേരിക്കയുടെ ഏതു ഭാഗത്തും ആക്രമമഴിച്ചുവിടാനുള്ള കഴിവുണ്ടെന്നാണ് പറയുന്നത്.

ഏകദേശം 7,300 കിലോമീറ്ററാണ് ചൈനയുടെ ജെ എൽ-2 സബ്മറൈനുകളുടെ റേഞ്ച്. അതായത് ചൈനീസ് കടലിൽ നിന്നും അവർക്ക് അലാസ്‌ക വരെ ആക്രമമഴിച്ചുവിടാൻ കഴിയുമെന്നർത്ഥം. അതുപോലെ ജാപ്പനീസ് കടലിൽ നിന്നും ഇതുപയോഗിച്ച് ഹാവായിയും ആക്രമിക്കാൻ കഴിയും. അതുപോലെ ഈ മുങ്ങിക്കപ്പലുകൾ ഹവായ്ക്ക് സമീപമെത്തിയാൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളും ഭീഷണിയുടെ നിഴലിലാകും. ഇത്തരത്തിൽ ഒരു നഗരത്തിൽ ആണവ ആക്രമണമുണ്ടായാൽ, റേഡിയോ ആക്ടീവ് കണങ്ങൾ വായുവിലൂടെ പരക്കുകയും ആയിരക്കണക്കിന് കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആണവാക്രമണം നടക്കുന്ന സ്ഥലത്തിന്റെ 1200 കിലോ മീറ്റർ മുതൽ 1400 കിലോമീറ്റർ വരെ ചുറ്റളവിൽ താമസിക്കുന്ന മനുഷ്യർക്ക് അതിജീവനം അസാദ്ധ്യമായി തീരും. അത്രയും ഇടത്തെ മനുഷ്യർ ഒന്നാകെ മരണത്തിനു കീഴ്പ്പെടും. ഈ കണക്കു പ്രകാരം ചൈനയുടെ കൈവശമുള്ള ആണവായുധങ്ങളുടെ പ്രഹര ശേഷി കണക്കാക്കിയാൽ അഞ്ചു മുതൽ 12 മില്ല്യൺ വരെ ആളുകളെ കൊല്ലാൻ ഇതിനാൽ കഴിയും.

മരണ നിരക്ക് വർദ്ധിപ്പിക്കുവാനായി ചൈന ലക്ഷ്യം വയ്ക്കുക അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിലെ ജനസാന്ദ്രതയേറിയ ലോസ് ഏഞ്ചലസ്, സാൻ ഫ്രാൻസിസ്‌കോ, സാൻഡീഗോ എന്നീ നഗരങ്ങളെയായിരിക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.