തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ വ്യാപകമായ പശ്ചാത്തലത്തിൽ ഉരുൾ പൊട്ടൽ-മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിലൂടെയുള്ള ബസ് സർവീസുകൾ നിർത്തിവയ്ക്കാൻ കെ.എസ്.ആർ.ടി.സിക്ക് മന്ത്രി ആൻഡ്ണി രാജുവിന്റെ നിർദ്ദേശം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെ.എസ്.ആർടി.സിയുടെ സേവനം വിട്ടു നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോട്ടയം എറണാകുളം ആലപ്പുഴ എന്നീ ജില്ലകളിലുള്ള ജലഗതാഗത വകുപ്പിന്റെ അഞ്ച് റെസ്‌ക്യൂ-ആംബുലൻസ് ബോട്ടുകളോട് ജാഗ്രത പാലിക്കാനും അവശ്യ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ആർ.ടി.ഒമാർ അവരവരുടെ കീഴിൽ വരുന്ന പ്രദേശങ്ങളിലെ ജെ.സി.ബി, ടിപ്പർ, ക്രെയിൻ, ആംബുലൻസ്, ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വന്നാൽ അതിന് ആവശ്യമായ വാഹനങ്ങൾ എന്നിവയുടെ ലിസ്റ്റ് തയാറാക്കി വയ്ക്കണമെന്നും അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തി തയാറായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറേറ്റിലുള്ള ദുരന്തനിവാരണ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യമായ സഹായം നൽകുമെന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.