തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 80 സിനിമകൾ സമർപ്പിച്ചതിൽ കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി ജൂറി ചെയർപെഴ്‌സൺ സുഹാസിനി മണിരത്‌നം പറഞ്ഞു.ജൂറിക്ക് മുന്നിൽ 80 സിനിമകളാണ് വന്നത്.കലാമൂല്യവും കാലഘട്ടത്തിനനുസരിച്ചുള്ള സിനിമകൾ കൊവിഡിന്റെ സാഹചര്യത്തിൽ എടുക്കുവാൻ സാധിക്കുന്നത് മലയാളത്തിൽ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത് ജൂറി ഏകകണ്ഠമായാണ്. എന്നാൽ മികച്ച നടിയെ തിരഞ്ഞെടുക്കുന്നതിൽ ജൂറി പരിഗണനയിൽ വന്ന ഏഴ് പേരും മികച്ച അഭിനയം കാഴ്ചവെച്ചു, എന്നാൽ പെൺകുട്ടിയുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്ന വേഷം നന്നായി അഭിനയിച്ചതിനാണ് അന്നാ ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മികച്ച സിനിമയായി തിരഞ്ഞെടുത്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ജനാധിപത്യം ഉയർത്തി കാണിക്കുന്ന സിനിമയാണെന്നും സുഹാസിനി പറഞ്ഞു.

ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏർപ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്‌കര പ്രഖ്യാപനമാണിത്.കോവിഡ് വരുന്നതിന് മുമ്പ് തീയറ്ററുകളിലും അതിനുശേഷം ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും പ്രേക്ഷകർ കണ്ടതുംകാണാത്തതുമായ ഇരുപതിലേറെ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയിൽ വന്നത്.കന്നഡ സംവിധായകൻ പി ശേഷാദ്രി, സംവിധായകൻ ഭദ്രൻ, ഛായാഗ്രാഹകൻ സി കെ മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങളായിരുന്നു.