കോട്ടയം: കോട്ടയത്തെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം 'ലഘു മേഘവിസ്‌ഫോടനം'. കുറച്ചു സമയത്തിനുള്ളിൽ, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്ത മഴയാണ് ഇത്. മുമ്പും കേരളം ഇതു കാരണം ദുരന്തത്തിൽ എത്തിയിരുന്നു. 2019-ൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിനും കാരണമായത് ഈ പ്രതിഭാസമായിരുന്നു.

കേരളത്തിന്റെ ആകാശം മുഴുവൻ ശനിയാഴ്ച കാർമേഘം നിറഞ്ഞിരുന്നു. പലയിടത്തും നല്ല മഴയും പെയ്തു. ഈ മേഘത്തിൽത്തന്നെയുണ്ടായിരുന്ന, കൂടുതൽ തീവ്രമായ ചെറു മേഘക്കൂട്ടങ്ങളുള്ള സ്ഥലങ്ങളിലാണ് അതിശക്ത മഴയുണ്ടായതെന്നാണ് വിലയിരുത്തൽ. മണിക്കൂറിൽ പത്തു സെന്റിമീറ്റർ മഴ പെയ്യുന്നതിനെയാണ് പൊതുവെ മേഘവിസ്‌ഫോടനമെന്നു പറയുന്നത്. അത് കേരളത്തിൽ ഉണ്ടാകാറില്ല. എന്നാൽ, രണ്ടു മണിക്കൂർകൊണ്ട് അഞ്ചു സെന്റിമീറ്റർ കിട്ടുന്ന മഴയാണെങ്കിൽപ്പോലും അത് അപകടകരമാകും. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും അത് കാരണമാകും.

കേരളത്തിൽ 12-ാം തീയതി മഴ നിലച്ചതാണ്. അടുത്ത മൂന്നുദിവസം മഴയേ ഉണ്ടായില്ല. പിന്നീട്, ഇക്കഴിഞ്ഞ ഒറ്റ മഴയിലാണ് ഇത്രയും സംഭവങ്ങളുണ്ടായത്. പത്തനംതിട്ട, കോന്നി, സീതത്തോട്, പീരുമേട്, പൂഞ്ഞാർ എന്നിവിടങ്ങളിലെല്ലാം ഈ ഗണത്തിലുള്ള മഴയുണ്ടായി. രണ്ടു മണിക്കൂറിനുള്ളിൽ പത്തു സെന്റീമീറ്ററിനടുത്തുവരെ ഇവിടെ പലയിടങ്ങളിലും മഴപെയ്തു.

കോട്ടയത്ത് ശനിയാഴ്ച രാവിലെ മുതൽ മഴ പെയ്തുതുടങ്ങിയിരുന്നു. ചിലയിടങ്ങളിൽ മഴ കൂടുകയും ഉച്ചയോടെ ഉരുൾപൊട്ടൽ ഉണ്ടാകുകയും ആയിരുന്നു. കൂട്ടിക്കൽ ഗ്രാമത്തിൽ 11 മുതൽ 11.30 വരെ: മഴ പെയ്തു. ഇതുമൂലം എട്ടിടത്ത് തുടർച്ചയായ ഉരുൾപൊട്ടൽ. സമീപ പ്രദേശത്തും മഴ ഉരുൾപൊട്ടലിന് കാരണമായി മാറിയിരുന്നു. കാലാവസ്ഥാ വ്യതിയാനകാലത്തെ ഈ ദുരന്തത്തെ കുറിച്ച് വിശദ പഠനം തന്നെ ശാസ്ത്രജ്ഞർ നടത്തും.

നിമിഷങ്ങൾ കൊണ്ട് മേഘസ്‌ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുന്നു. മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘസ്‌ഫോടനമുണ്ടാക്കുന്നത്. എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘസ്‌ഫോടനമുണ്ടാക്കുന്നില്ല. മേഘസ്‌ഫോടനത്തിന് കാരണമാകുന്ന മേഘങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരിക്കും.

ഈർപ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്റെ മുകൾതട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. എന്നാൽ കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ, അവ അന്തരീക്ഷത്തിന്റെ താഴേത്തട്ടിൽ നിന്നാരംഭിച്ച് 15 കിലോമീറ്റർ ഉയരത്തിൽ വരെയെത്താം. തുലാമഴയുടെ സമയത്തും, കാലവർഷത്തിൽ വലിയ കാറ്റോടുകൂടിയ മഴയുണ്ടാകുമ്പോഴും ഇത്തരം മേഘങ്ങളെ ചിലപ്പോഴൊക്കെ കേരളത്തിൽ കാണാം. ഇതാണ് കൂട്ടിക്കലിലും ദുരിതം വിതച്ചതെന്നാണ് വിലയിരുത്തൽ.