റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഡ്രോൺ സൗദി എയർ ഡിഫൻസ് സംഘം തകർത്തു. ജിസാൻ ലക്ഷ്യമിട്ടെത്തിയ ഡ്രോൺ തകർത്ത വിവരം ശനിയാഴ്ച പുലർച്ചെയാണ് അറബ് സഖ്യസേന അറിയിച്ചത്.

സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ആകാശത്ത് വെച്ച് തന്നെ നിർവീര്യമാക്കുകയായിരുന്നു.സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ച് സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണ ശ്രമം തുടരുകയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് സൗദി വ്യക്തമാക്കിയിരുന്നു.

ഈ മാസം ആദ്യം അബഹ വിമാനത്താവളത്തെയും ദക്ഷിണ സൗദിയിലെ ജിസാൻ വിമാനത്താവളത്തെയും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തിയിരുന്നു. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.

സ്ഫോടക വസ്തുക്കൾ നിറച്ച് എത്തിയ വിമാനത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകർത്തിടുകയായിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിനുള്ളിൽ പതിച്ചാണ് തൊഴിലാളികൾക്ക് പരിക്കേറ്റത്. എയർപോർട്ട് ടെർമിനലിന്റെ മുൻഭാഗത്തെ ചില്ലുകൾ തകരുകയും ചെയ്തിരുന്നു. ഈ മാസം തന്നെ ജിസാനിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ യാത്രക്കാരുൾപ്പെടെ 10 പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് ഡ്രോണുകളും സൗദി വ്യോമസേന തർത്തുവെങ്കിലും ഇവയുടെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിൽ പതിക്കുകയായിരുന്നു.