- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡോക്ടറാകാൻ മോഹിച്ച അലി മാതാപിതാക്കളോട് പിണങ്ങി റാഡിക്കൽ മുസ്ലീമായി; ഒരു അവിശ്വാസിയെ കൊന്ന് സ്വർഗ്ഗത്തിലെത്താൻ കത്തിയെടുത്തു; ഭീഷണി ഗൗരവമായി എടുക്കാത്തത് ബ്രിട്ടീഷ് എം പിക്ക് വിനയായി
ലണ്ടൻ: മതഭ്രാന്തന്റെ കത്തിക്കിരയായ ബ്രിട്ടീഷ് എം പി സർ ഡേവിഡ് അമെസ്സിന്റെ മരണം നൽകിയ ഞെട്ടലിൽ നിന്നും ഇനിയും ബ്രിട്ടൻ പൂർണ്ണമായും മുക്തമായിട്ടില്ല. അതിനിടയിലാണ് അക്രമി നേരത്തേ മത തീവ്രവാദത്തിൽ താത്പര്യം കാണിച്ചിരുന്നു എന്നും സ്‌കൂൾ പഠനം പൂർത്തിയാക്കിയ അവസരത്തിൽ ഇയാളെ തീവ്രവാദത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി പ്രിവന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു എന്നുമുള്ള റിപ്പോർട്ട് പുറത്തുവരുന്നത്.
തീവ്രവാദികളുടെ വലയിലകപ്പെടുന്നവരെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരുവാനായി സർക്കാർ രൂപം നൽകിയ പദ്ധതിയാണ് പ്രിവന്റ്. വർഷങ്ങൾക്ക് മുൻപായിരുന്നു ഇയാളേയും ഇതിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ഇയാളുടെ പെരുമാറ്റം അത്രയ്ക്ക് തീവ്രമല്ലാതിരുന്നതിനാൽ രഹസ്യാന്വേഷണ വിഭാഗമായ എം 15 ഇയാളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല.
മാതാപിതാക്കളുമായി പിണങ്ങിയതിനുശേഷമാണ് ഇയാൾ മത തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സോമലിയയിലെ സൗത്ത്വാർക്കിലുള്ള ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച അലി ഹാർബി അലി ക്രോയ്ഡോണിലെ ഒരു വീട്ടിൽ തന്റെ അമ്മയ്ക്കും രണ്ട് സഹോദരിമാർക്കും ഇളയ സഹോദരനുമൊപ്പമായിരുന്നു താമസിച്ചത്. ഇയളുടെ കുട്ടിക്കാലത്തുതന്നെ മാതാപിതാക്കൾ വേർപിരിയുകയും പിതാവ് സൊമാലിയയിലേക്ക് തിരികെ പോവുകയും ചെയ്തു.
ഇവരുടെ കുടുംബവുമായി 20 വർഷക്കാലത്തെ പരിചയമുള്ള ഒരു അയൽവാസി പറഞ്ഞത് ഒരു ഡോക്ടറാവുന്നതിനെ കുറിച്ച് അലി എപ്പോഴും സംസാരിക്കുമായിരുന്നു എന്നാണ്. അതിനുള്ള പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകളും അയാൾ എടുത്തിരുന്നു. എന്നാൽ, സ്‌കൂൾ പഠനം പൂർത്തിയാക്കിയതോടെ ഇയാൾ ഇസ്ലാമിക തീവ്രവാദത്തിലേക്ക് തിരിയുകയായിരുന്നു. തന്റെ ബന്ധുവായ ഒരു സ്ത്രീയ്ക്കും അവരുടെ രണ്ടു മക്കൾക്കുമൊപ്പം ഇവർ ലണ്ടനിലെ കെന്റിഷ് ടൗണീലേക്ക് താമസം മാറുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി അലിയുടെ പിതാവും സൊമാലിയൻ പ്രധാനമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവുമായ ഹാർബി അലി കുല്ലേനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. അലിയുടെ ബ്രിട്ടനിലെ ആദ്യകാല ജീവിതത്തെ കുറിച്ച് അയാൾ വിശദമായി പൊലീസിനോട് പറഞ്ഞിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. കൊലപാതകത്തിനു തൊട്ടുമുൻപുള്ള അലിയുടെ നീക്കങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇതുവരെ ഏതെങ്കിലും ഒരു തീവ്രവാദ സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല.
അതിനിടെ അലി ഹാർബി അലി തന്റെ കുട്ടിക്കാലം കഴിച്ച തെക്കൻ ലണ്ടനിലെ ക്രോയ്ഡോണിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇപ്പോൾ ഇയാൾ താമസിക്കുന്ന നോർത്ത് ലണ്ടനിലെ വീട്ടിൽ നേരത്തേ പൊലീസ് പരിശോധന നടത്തിയിരുന്നു. അലിയുടെ സഹോദരിമാരാണ് ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നത്. അതിനിടയിൽ, കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സർ ഡേവിഡ് അമെസ്സിന് ഒരു ഭീഷണിക്കത്ത് ലഭിച്ചിരുന്നതായ വാർത്തകളും പുറത്തു വന്നിട്ടുണ്ട്.
ഈ വിവരം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും തന്റെ ജനസമ്പർക്ക പരിപാടിയുമായി മുന്നോട്ട് പോകാൻ തന്നെ സർ ഡേവിഡ് തീരുമാനിക്കുകയായിരുന്നു. ഭീഷണി ലഭിച്ചു എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതുമായി കൊലപാതകത്തിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ