- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പേസ് എക്സ് ഹിറ്റായതോടെ എലോൺ മസ്‌കിന്റെ സ്വത്ത് ഉയർന്നു; ആമസോൺ ഉടമയെ മറികടന്ന് ഏറ്റവും വലിയ സമ്പന്നനായി; ബിൽ ഗേയ്റ്റ്സിന്റെയും ബാരൺ ബഫറ്റിന്റെയും സംയുക്ത സമ്പത്തിനേക്കാൾ അധികം ടെസ്ല ഉടമയ്ക്ക്
ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന സ്പേസ് എക്സിനൊപ്പം അതിന്റെ ഉടമ എലോൺ മസ്‌കിന്റെ ആസ്തിയും കുതിച്ചുയരുകയാണ്. 230 ബില്ല്യൺ ഡോളറിന്റെ ആസ്തിയുമായി ലോകത്തെ ഏറ്റവും വലിയ ധനികനായി മാറിയിരിക്കുകയണ് എലോൺ മസ്‌ക് ഇന്ന്. കഴിഞ്ഞ വർഷം പകുതിയോടെ മാത്രം ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച മസ്‌ക് ഇപ്പോൾ ആമസോൺ ഉടമ ജെഫ് ബെസോസിനെ പിന്തള്ളിയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയിരിക്കുന്നത്.
ബിൽ ഗെയ്റ്റ്സിന്റെയും വാറൻ ബഫറ്റിന്റെയും ആസ്തി ഒരുമിച്ചുകൂട്ടിയതിനേക്കാൾ ആസ്തിയാണ് ഇന്ന് ടെസ്ലയുടെ സി ഇ ഒയ്ക്ക് ഉള്ളത്. എന്നാൽ, ബെസോസിനെ ഈ മാറ്റം കാര്യമായി ബാധിച്ചിട്ടില്ല. തന്റെ പങ്കാളിയായ ലോറൻ സാൻഷെസുമൊത്ത് ജീവിതം ഉല്ലാസമാക്കുകയാണ് ബെസോസ്. 2019-ൽ മുൻ ഭാര്യ മെക്കൻസി സ്‌കോട്ടുമായി വിവാഹമോചനം നേടിയതിനുശേഷം ജെഫ് ബെസോസ് തന്റെ കാമുകിക്കൊപ്പമാണ് താമസം. സ്പേസ് എക്സിനു മറുപടിയായി തൊടുത്തുവിട്ട ബ്ലൂ ഓറിജിൻ പദ്ധതിയുടെ വിജയത്തിലും ബെസോസ് അതീവ സന്തുഷ്ടനാണ്.
അതേസമയം സ്പേസ് എക്സ് കമ്പനിയുടെ ഓഹരിമൂല്യവും കുതിച്ചുയരുകയാണ്. പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരുമയി 755 മില്ല്യൺ ഡോളറിന്റെ ഓഹരികൾ വിൽക്കുവാനുള്ള കരാറിൽ കമ്പനി എത്തിയിട്ടുണ്ടെന്ന് അറിയുന്നു. ഒരു ഓഹരിക്ക് 560 ഡോളർ ആന് മൂല്യം. ഓഹരിമൂല്യത്തിലുണ്ടായ വർദ്ധനവ് 33 ശതമാനമാണ്. കഴിഞ്ഞ ഫെബ്രുവരി മാസം മുതൽക്കുള്ള കാലയളവിലാണ് ഈ വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇതോടെ ചൈനയുടെ ബൈടെഡൻസിനു തൊട്ടുപുറകിലായി ലോകത്തിലേ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്വകാര്യ കമ്പനിയായി മാറിയിരിക്കുകയാണ് സ്പേസ് എക്സ്.
കഴിഞ്ഞ വർഷം ആദ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ പട്ടികയിൽ മസ്‌ക് ഉണ്ടായിരുന്നില്ലെന്ന് ഓർക്കണം. അന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ 113 ബില്ല്യൺ ഡോളറിന്റെ ആസ്തിയുണ്ടായിരുന്ന ജെഫ് ബെസോസ് ആയിരുന്നു. വളരെ പെട്ടെന്നായിരുന്നു മസ്‌കിന്റെ വളർച്ച. കോവിഡ് പ്രതിസന്ധി ലോകത്തെ നിശ്ചലമാക്കിയ അവസരത്തിൽ ഓൺലൈൻ വില്പനയിലുണ്ടായ വർദ്ധനവ് മുതലെടുത്ത് 197.8 ബില്ല്യൺ ഡോളറിന്റെ ആസ്തിയുമായി 2021 ആദ്യം ജെഫ് ബെസോസ് തന്നെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി തുടരുകയായിരുന്നു.
ഏപ്രിൽ മാസത്തിൽ കാർബൺ രഹിത ലോകം എന്ന ആശയത്തിനായി 150 മില്ല്യൺ ഡോളർ നൽകാൻ മസ്‌ക് തീരുമാനിച്ചിരുന്നു. കാർബൺ നീക്കം ചെയ്യുന്നതിനുള്ള മത്സരത്തിലെ സമ്മാനത്തുകയായ 100 മില്യൺ ഡോളർ ഉൾപ്പടെയാണിത്. ഭൂമിയിലെ കാർബൺ ഡൈ ഓക്സൈഡ് വികിരണം ഫലപ്രദമായി തടയുന്നതിനുള്ള ഉപായങ്ങൾ വികസിപ്പിക്കുക എന്നതായിരുന്നു മത്സരം. ഈ വർഷത്തെ ഭൗമദിനത്തിൽ ആരംഭിച്ച മത്സരം 2025 ഏപ്രിൽ 25 നായിരിക്കും അവസാനിക്കുക.
ഈ മത്സരം ആരംഭിച്ചതോടെ മസ്‌കിന്റെ ആസ്തിയിൽ 60 ബില്ല്യൺ ഡോളറിന്റെ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾസൂചിപ്പിക്കുന്നു. സ്പേസ് എക്സ് ഡീൽ മാത്രം 11 ബില്ല്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തിയോട് കൂട്ടിച്ചേർത്തത്. പേയ്പാൽ എന്ന ഗേയ്റ്റ് വേയുടെ സഹസ്ഥാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഈ 50 കാരൻ സ്പേസ് എക്സ്, ടെസ്ല മോട്ടോർസ് എന്നീ കമ്പനികൾ സ്ഥാപിച്ചു. ഈ രണ്ടു കമ്പനികളുടെയും മൂല്യത്തിലുണ്ടാകുന്ന വർദ്ധനവാണ് മസ്‌കിന്റെ അതിവേഗം ഏറ്റവും വലിയ സമ്പന്നനാക്കിയത്.
സ്പേസ് എക്സ് നിയന്ത്രിക്കുന്ന സ്റ്റാർലിങ്ക് എന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് കോൺസ്റ്റലേഷനാണ് ഭൂമിയിൽ മിക്കയിടങ്ങളിലും ഇന്റർനെറ്റ് ആക്സസ് നൽകുന്നത്. അതേസമയം സ്റ്റാർഷിപ് എന്നത് പുനരുപയോഗം ചെയ്യാവുന്ന ഒരു ലോഞ്ച് സിസ്റ്റവും. ഇതുവരെ 1,740 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണ് സ്പേസ് എക്സ് വിക്ഷേപിച്ചിട്ടുള്ളത്. അതുപോലെ 14 വ്യത്യസ്ത രാജ്യങ്ങളിലായി ഒരു ല്ക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് നെറ്റ്‌വർക്ക് സൗകര്യം നൽകുന്നുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ