നെടുമ്പാശേരി: വിമാനത്താവളത്തിൽ ലഹരിമരുന്നു പിടികൂടിയ കേസിൽകൊച്ചിയിലെ ഹോട്ടലിൽ നിന്നും അറസ്റ്റിലായ വിദേശ വനിത കൊച്ചിയിലെ ലഹരിക്കടത്തിലെ പ്രധാന കണ്ണിയെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ദോഹ വഴി എത്തിയ കോട്ഡിവോർ (ഐവറി കോസ്റ്റ്) സ്വദേശിനി കാനേ സിംപേ (21) അറസ്റ്റിലായതിന് പിന്നാലെ ഹോട്ടലിൽ നിന്നും പിടയിലായ സീവി ഒഡോത്തി ജൂലിയറ്റിന്റെ കേരളത്തിലെ വേരുകൾ തേടുകയാണ് പൊലീസ്.

ഒഡോത്തിയുടെ നിർദേശ പ്രകാരമാണ് കാനെ സിംപെ മയക്കു മരുന്നുമായി എത്തിയത്. പലപ്പോഴായി ഇത്തരത്തിൽ യുവതികളെ ഉപയോഗിച്ച് ഇവർ ലഹരിമരുന്ന് കടത്തിയതായാണ് വിവരം. കാനെ സിപെയുടെ ബാഗിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവരിൽനിന്ന് ഇതു കൈപ്പറ്റാൻ ഹോട്ടലിൽ കാത്തിരുന്ന സീവി ഒഡോത്തി ജൂലിയറ്റിനെയും (32) പിടികൂടി. ഇരുവരും ഒരേ രാജ്യത്തുനിന്നുള്ളവരാണ്.

അഞ്ചരക്കോടി രൂപ മൂല്യമുള്ള കൊക്കെയ്‌നാണ് കാനേ സിംപേയിൽനിന്നു പിടിച്ചെടുത്തത്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി, 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ബിസിനസിനു തുണി വാങ്ങാൻ എത്തിയതെന്നായിരുന്നു കാനേ ഇമിഗ്രേഷൻ വിഭാഗത്തോട് പറഞ്ഞത്. എന്നാൽ ഇവരുടേത് ബിസിനസ് വീസ അല്ലാതിരുന്നത് സംശയത്തിനിടയാക്കി. തുടർന്ന് ബാഗ് പരിശോധിക്കുകയായിരുന്നു.

ലഹരിമരുന്ന് കണ്ടെത്തിയതോടെ ഇവരെക്കൊണ്ട് ജൂലിയറ്റിനെ വിളിച്ചുവരുത്തിയാണ് ഡിആർഐ അധികൃതർ അറസ്റ്റ് ചെയ്തത്. ജൂലിയറ്റ് 9 മാസമായി കേരളത്തിലുണ്ട്. 20 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ കൊച്ചിയിൽനിന്ന് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് കാനേ സിംപേയെ ജൂലിയറ്റ് വരുത്തിയത്. ഇത്തരത്തിൽ മുൻപും ഇവർ യുവതികളെ ഉപയോഗപ്പെടുത്തി ലഹരിമരുന്ന് എത്തിച്ചിരിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.