കൊച്ചി: കെവൈസി വിവരങ്ങൾ ചോദിച്ച് മൊബൈലിൽ മെസേജ് അയച്ചുള്ള ബാങ്ക്‌
തട്ടിപ്പ് തുടർക്കഥയാവുന്നു. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ പുറത്ത് വന്നിട്ടും പലരും തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. എളംകുളം സെന്റ് സെബാസ്റ്റ്യൻ റോഡിൽ താമസിക്കുന്ന റിട്ട. കമാൻഡർ വി എം. ഫിലിപ്പിന് ഇത്തരത്തിൽ 40,000 രൂപ കഴിഞ്ഞ ദിവസം നഷ്ടമായി. പ്രമുഖ പൊതുമേഖല ബാങ്കിലാണു ഫിലിപ്പിന്റെ അക്കൗണ്ട്.

കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടുള്ള എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു പാൻ നമ്പർ നൽകിയപ്പോൾ ഉടൻ തന്നെ എടിഎം വഴി പണം പിൻവലിക്കുകയായിരുന്നു. ജയ്പുരിലെ എടിഎം വഴി 20,000 രൂപ വീതം 2 തവണ പിൻവലിച്ചതിന്റെ സന്ദേശം ഉടൻ തന്നെ ഫിലിപ്പിനു ലഭിച്ചു. തുടർന്നു ബാങ്കിന്റെ കേന്ദ്രീകൃത നമ്പറിൽ വിളിച്ചും ഓൺലൈനായും പരാതി നൽകി. ബാങ്ക് ശാഖയിൽ നേരിട്ടെത്തിയും പരാതി നൽകി. എന്നാൽ, നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുമോയെന്ന കാര്യത്തിൽ ഉറപ്പൊന്നും ബാങ്ക് അധികൃതർ നൽകിയില്ലെന്നു ഫിലിപ്പ് പറഞ്ഞു. സമാനമായ രീതിയിൽ ഒട്ടേറെ പേർക്ക് എസ്എംഎസ് സന്ദേശം ലഭിക്കുന്നുണ്ട്.

ഒടിപി നമ്പർ ലഭിക്കുകയോ, കൈമാറുകയോ ചെയ്തിട്ടില്ല. എടിഎം വഴി കൂടുതൽ തുക പിൻവലിക്കണമെങ്കിൽ ഒടിപി വേണമെന്ന നിബന്ധനയുണ്ടായിട്ടും പണം നഷ്ടപ്പെടുന്നത് എങ്ങനെയാണെന്നു വ്യക്തമല്ല. തട്ടിപ്പ് നടക്കുന്നത് എങ്ങനെയാണെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും ബാങ്ക് സൈബർ വിഭാഗത്തിനു നൽകിയ പരാതിയിൽ ഫിലിപ്പ് ആവശ്യപ്പെട്ടു.

കെവൈസി വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയവ മരവിപ്പിക്കും എന്ന വ്യാജേന എസ്എംഎസ് സന്ദേശമയച്ചു തട്ടിപ്പ് വ്യാപകമാകുന്നു. സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ പ്രവേശിച്ചു കെവൈസി വിവരങ്ങൾ നൽകുന്നതോടെ പണം നഷ്ടമാകുകയാണു ചെയ്യുന്നത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട പലരും ബാങ്കുകൾക്കു പരാതി നൽകിയിട്ടുണ്ട്.