ബെയ്ജിങ്: നിർമ്മാണത്തിലിരിക്കുന്ന തങ്ങളുടെ ബഹിരാകാശ നിലയത്തിൽ 6 മാസം തങ്ങി പണി പൂർത്തിയാക്കാൻ ചൈന ശാസ്ത്രജ്ഞരെ അയച്ചു. ശനിയാഴ്ച ഷെൻജോ ബഹിരാകാശപേടകത്തിൽ പുറപ്പെട്ട 3 ശാസ്ത്രജ്ഞരാണു ചൈനീസ് നിലയത്തിലെ മുഖ്യഘടകമായ ടിയാനെയിൽ പ്രവേശിച്ചത്.

ചായ് ചുഗാങ് (55), വാങ് യാപിങ് (41), യീ ഗ്വാങ്ഫു (41) എന്നിവരുടേതു ചൈനയുടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മനുഷ്യദൗത്യമാണ്. ചൈനീസ് ബഹിരാകാശനിലയം സന്ദർശിക്കുന്ന ആദ്യ വനിത കൂടിയാണു വാങ് യാപിങ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരു രാജ്യത്തിനു സ്വന്തമായുള്ള ആദ്യത്തെ ബഹിരാകാശനിലയമാകും ചൈനയുടേത്.