കോഴിക്കാട്: ദുബായ് ആസ്ഥനമായ ഓറഞ്ച് ഇന്ററാക്ടീവ് ടെക്നോളജി എന്ന ഡിജിറ്റൽ പ്രൊഡക്ഷൻ കമ്പനി കോഴിക്കോട് ആസ്ഥാനമായ ഐടി കമ്പനി കോഡ്ലാറ്റിസിൽ ലയിച്ചു. ഈ കമ്പനി ഇനി കോഡ്ലാറ്റിസ് ദുബയ് എന്നറിയപ്പെടും. 2009ൽ കോഴിക്കോട് ആസ്ഥാനമായി തുടക്കമിട്ട ഐടി സ്റ്റാർട്ടപ്പായ കോഡ്ലാറ്റിസും ദുബയ് കേന്ദ്രീകരിച്ച് 20 വർഷമായി പ്രവർത്തിക്കുന്ന ഓറഞ്ച് ഇന്ററാക്ടീവും തമ്മിൽ ഏറെ നാളത്തെ ബിസിനസ് സഹകരണമുണ്ടായിരുന്നു. മിഡിൽ ഈസ്റ്റ് വിപണിയിൽ ഡെലിവറി റോബോട്ടുകൾ ഉൾപ്പെടെ വിപ്ലവകരമായ പുതിയ സേവനങ്ങൾ കോഡ്ലാറ്റിസ് ദുബയ് അവതരിപ്പിക്കുമെന്ന് കോഡ്ലാറ്റിസ് സഹസ്ഥാപകനും പ്രൊമോട്ടറുമായ വിജിത്ത് ശിവദാസൻ പറഞ്ഞു. ഈ ലയനം കോഡ്ലാറ്റിസിന് മിഡിൽ ഈസ്റ്റിൽ വിപണി വികസിപ്പിക്കാൻ ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

വികസിച്ചു വരുന്ന ഡിജിറ്റൽ ടെക്നോളജി രംഗത്ത് ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കാൻ ഈ ലയനം സഹായിക്കുമെന്ന് ഓറഞ്ച് ഇന്ററാക്ടീവ് ടെക്നോളജി സിഇഒ വികാസ് മോഹൻദാസ് പറഞ്ഞു. കോഡ്ലാറ്റിസിൽ ലയിച്ചെങ്കിലും കമ്പനിയുടെ നേതൃനിരയിൽ മാറ്റമില്ലാതെ തുടരും. ബിഗ് ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, അനലിറ്റിക്സ് തുടങ്ങിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളാണ് കോഡ്ലാറ്റിസിന്റേത്. കോഴിക്കോട്ട് തുടക്കമിട്ട കമ്പനി ഇന്ന് എട്ടു രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്നു