- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവ.ഡോ. വില്യം കാളിയാടൻ മിഷണറീസ് ഓഫ് ലാസലറ്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ
ബോസ്റ്റൺ: ലാസലറ്റ് മിഷനറീസിന്റെ നോർത്ത് അമേരിക്കൻ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി മലയാളിയായ റവ.ഡോ വില്യം കാളിയാടൻ തെരഞ്ഞെടുക്കപ്പെട്ടു. നോർത്ത് അമേരിക്ക, അർജന്റീന, ബൊളിവീയ തുടങ്ങിയ രാജ്യങ്ങൾ അടങ്ങുന്നതാണ് ലാസലറ്റ് മിഷണറീസിന്റെ 'മേരി മദർ ഓഫ് അമേരിക്കാസ്' പ്രൊവിൻസ്.
ഫ്ളോറിഡയിലെ ഓർലാൻഡോയിൽ ഒക്ടോബർ 15-നു നടന്ന പ്രൊവിൻഷ്യൽ ചാപ്റ്റർ മീറ്റിംഗാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഈ സ്ഥാനത്തേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്ന ഏഷ്യൻ അമേരിക്കൻ എന്ന ബഹുമതിയും അദ്ദേഹത്തിനാണ്.
സഭയുടെ നേതൃസ്ഥാനത്ത് എത്തിച്ചേരുന്ന ആദ്യ ഇന്ത്യക്കാരനും മലയാളിയും എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പ് അമേരിക്കൻ കുടിയേറ്റക്കാരുടെ ഇടയിൽ സജീവ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഫാ. വില്യം ഇപ്പോൾ അമേരിക്കയിലെ ബോസ്റ്റന് സമീപമുള്ള പ്രശസ്തമായ കേപ്പ് കോട് 'ഓവർ ലേഡി ഓഫ് കേപ്പ്' ഇടവകയുടെ വികാരിയും കൂടിയാണ്.
അമേരിക്കയിലേക്ക് കുടിയേറിയ ഏഷ്യൻ വംശജരുടെ, പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ആത്മീയവും സമൂഹികവുമായ ഉന്നതിക്കായി പ്രവർത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങൾക്ക് സജീവ സാന്നിധ്യവും ഉപദേശവും നല്കുന്ന ഡോ. കാളിയാടന്റെ നേതൃപാടവം മലയാളികൾക്കും, ഇന്ത്യക്കാർക്കും മാത്രമല്ല, അമേരിക്കയിലെ ക്രിസ്തീയ സഭാ വിശ്വാസികൾക്കും പ്രയോജനകരമായിരുന്നിട്ടുണ്ട്. അമേരിക്കയിലെ പൊതുജീവിതത്തിൽ അനേകം സുഹൃത്തുക്കളെ സമ്പാദിച്ച റവ.ഫാ. വില്യം അനേകം കുടുംബങ്ങളുടെ ആത്മീയനേതാവും കൂടിയാണ്. മാസാച്യുസെറ്റ്സ്, കണക്ടിക്കട്ട്, ന്യൂഹാംപ്ഷെയർ സംസ്ഥാനങ്ങളിലെ അമേരിക്കൻ ദേവാലയങ്ങളിൽ ശ്രദ്ധേയവും സ്തുത്യർഹവുമായ സേവനം നടത്തിയ ഈ മിഷണറി പുരോഹിതന്റെ നേതൃപാടവം നേരിട്ട് അനുഭവിച്ചിട്ടുള്ള എല്ലാവരും ഈ വാർത്ത അത്യധികം ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്.
ഫാ. വില്യം അദ്ദേഹത്തിന്റെ സന്യാസജീവിതം ആരംഭിച്ചത് ഫിലിപ്പീൻസിലെ സെന്റ് മാത്യൂ പാരീഷിലാണ്. 30,000 വിശ്വാസികളും 1,300-ൽ അധികം വിദ്യാർത്ഥികളും അടങ്ങുന്ന ഇടവകയുടെ വികാരിയും സൺഡേ സ്‌കൂൾ ഡയറക്ടറുമായി സേവനം ചെയ്തതിനുശേഷമാണ് അദ്ദേഹം അമേരിക്കയിലെത്തിയത്.
തൃശൂർ ജില്ലയിലെ മാള പുളിപ്പറമ്പിൽ കാളിയാടൻ കുടുംബത്തിലാണ് ഫാ. വില്യം ജനിച്ചത്. കുഞ്ചപ്പൻ കാളിയാടന്റേയും അന്നം കാളിയാടന്റേയും പുത്രനായി ജനിച്ച വില്യം ഇരിങ്ങാലക്കുട രൂപതയിലാണ് വൈദീകപഠനം തുടങ്ങിയത്. പിന്നീട് ലാസലറ്റ് മിഷണറി സഭയിൽചേർന്ന് ഫിലിപ്പീൻസിൽ വൈദീക പഠനം തുടർന്നു. ഫിലിപ്പീൻസിലെ 'ദി ഡിവൈൻ മേരി' സെമിനാരിയിൽ വൈദീക പഠനം പൂർത്തിയാക്കി. ബോസ്റ്റണിലെ ആൻഡോവർ- ന്യൂട്ടൻ തിയോളിക്കൽ കോളജിൽ നിന്നും മാരിയേറ്റ് ആൻഡ് ഫാമിലി കൗൺസിലിംഗിൽ ഡോക്ടറേറ്റും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്