- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴക്കെടുതി: സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പൻ
പാലാ: പാലാ നിയോജകമണ്ഡലത്തിൽ മഴക്കെടുതിയിൽ തകർന്ന പാലങ്ങളും റോഡുകളും അടിയന്തിരമായി പുനഃരുദ്ധരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. വൻതോതിൽ കൃഷി നശിച്ചിട്ടുണ്ട്. ഒട്ടേറെ വീടുകൾ പൂർണ്ണമായും തകർന്നു. ഭാഗികമായി തകർന്ന വീടുകളും നിരവധിയാണ്. പല വീടുകളും വാസയോഗ്യമല്ലാതായതായി എം എൽ എ ചൂണ്ടിക്കാട്ടി. തകരാറിലായ വീടുകൾ, കൃഷി, വീട്ടുപകരണങ്ങൾ തുടങ്ങിയവയ്ക്ക് പരമാവധി നഷ്ടം ലഭ്യമാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. വൈദ്യുതി തകരാറുകളും അടിയന്തിരമായി പരിഹരിക്കണം. ഈ ആവശ്യമുന്നയിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രി, റവന്യൂമന്ത്രി, പൊതുമരാമത്ത് മന്ത്രി തുടങ്ങിയവരെ നേരിൽ സന്ദർശിക്കും.
മൂന്നിലവ് പഞ്ചായത്തിൽ രണ്ടു പാലങ്ങളും തലപ്പലം പഞ്ചായത്തിൽ ഒരു നടപ്പാതയും തകർന്നിട്ടുണ്ട്. ഇവ അടിയന്തിര പ്രാധാന്യം നൽകി പുനഃരുദ്ധരിക്കണം. മഴയെത്തുടർന്നു നിരവധി റോഡുകളും തകരാറിലായി. ഇവയുടെ അറ്റകുറ്റപ്പണികൾ ഉടനടി നടത്തണം. തലനാട് പഞ്ചായത്തിലെ മേസ്തിരിപടിയിലും ചാമപ്പാറയിലും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്ന 40 ഓളം കുടുംബങ്ങൾക്കു വാസ യോഗ്യമായ സ്ഥലം ലഭ്യമാക്കണം. വ്യക്തിഗതമായ നഷ്ടം സംഭവിച്ചവർക്കു നഷ്ടം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും കാലതാമസം ഒഴിവാക്കുകയും ചെയ്യണമെന്ന് എം എൽ എ പറഞ്ഞു. പാലാ നിയോജകമണ്ഡലത്തിൽ ഉണ്ടായ നാശ നഷ്ടങ്ങളുടെ കണക്ക് അടിയന്തിരമായി തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ട്. ദുരിതബാധിതപ്രദേശങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തിയ റവന്യൂ, തദ്ദേശസ്വയംഭരണ, ഫയർഫോഴ്‌സ്, പൊലീസ്, വൈദ്യുതി ഉദ്യോഗസ്ഥരെ എം എൽ എ അഭിനന്ദിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ-സാമൂഹ്യ- സന്നദ്ധ സംഘടനകളുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.