മക്കരപ്പറമ്പ : സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ മുസ്‌ലിംകൾക്ക് നേരെയും മലപ്പുറം ജില്ലക്കെതിരെയും നിരന്തരം തീവ്രവാദം ആരോപിക്കുകയും സംഘ്പരിവാർ വാദം കടമെടുത്ത് മുസ്‌ലിം വിദ്യാർത്ഥികളെ ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലേക്ക് 'റിക്രൂട്ട് ചെയ്യുന്നു' എന്നും പ്രചരിപ്പിച്ചു കൊണ്ടിരുന്നു. ഇത് പാർട്ടി തീരുമാനമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇപ്പോൾ ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് നൽകിയ പ്രഭാഷണക്കുറിപ്പിലെ പ്രൊഫഷണൽ കോളേജുമായി ബന്ധപ്പെട്ട മുസ്‌ലിംവിരുദ്ധ തീവ്രവാദ പരാമർശം. പൊലീസ് വകുപ്പ് കൈവശമുള്ള അധികാരമുള്ള പാർട്ടിയാണ് തെളിവില്ലാത്ത നുണകൾ ജനങ്ങളിൽ മുസ്‌ലിം വിരോധം പടർത്താൻ അണികളെ പഠിപ്പിക്കുന്നതെന്നും വെൽഫെയർ പാാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം മക്കരപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ആരിഫ് ചുണ്ടയിൽ, സി.എച്ച് സലാം, ഫസൽ തിരൂർക്കാട്, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മണ്ഡലം കൺവീനർ ഖദീജ എന്നിവർ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി കെ.പി ഫാറൂഖ് സ്വാഗതവും സി.ടി മായിൻകുട്ടി നന്ദിയും പറഞ്ഞു.