കോയമ്പത്തൂർ: രാജ്യത്തെ സംഘ്പരിവാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രൂപപ്പെട്ട പ്രതിഷേധം ഇന്ത്യയിലെ ജനാധിപത്യ ശ്രമങ്ങളെ തിരിച്ചുപിടിക്കുന്ന പോരാട്ടത്തിന് നേതൃത്വം നൽകുന്നതാണെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ്.ക്യൂ.ആർ ഇല്യാസ് പറഞ്ഞു. പുതിയ നേതാക്കളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി കോയമ്പത്തൂരിൽ ചേർന്ന എഫ്‌ഐടിയു ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യപരമായ സമരങ്ങളെ തല്ലി തകർക്കാനും വാഹനം ഓടിച്ചു കയറ്റി ഇല്ലാതാക്കാനുള്ള സംഘ്പരിവാർ ശ്രമിക്കുന്നത്. സമരങ്ങളോട് ഫാസ്റ്റുകൾ സ്വീകരിക്കുന്ന സമീപനം ഏകാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതും ഭീകരവാദം വളർത്തുന്നതുമാണ്. കർഷക പോരാളികളെ ചോരയിൽ മുക്കി കൊല്ലാനുള്ള ശ്രമങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കർഷക സമരത്തിലേക്ക് കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ വാഹനം ഓടിച്ചു കയറ്റി സമര നേതാക്കളെ കൊല്ലുന്നത് കേവലം അപകടം എന്നതിനപ്പുറം ഫാസിസ്റ്റുകൾക്ക് കർഷക സമരത്തോടുള്ള മനോഭാവത്തിന്റെ ചിത്രമാണ്.

അജയ് മിശ്രക്കെതിരെ നടപടി സ്വീകരിക്കാനും അറസ്റ്റ് ചെയ്യാനും കേന്ദ്രസർക്കാർ ഉടൻ തയ്യാറാകണം. കോർപ്പറേറ്റ് താത്പര്യം മാത്രം മുന്നിലുള്ള മോദി സർക്കാർ തൊഴിലാളികളെയും കർഷകരെയും വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനാധിപത്യ സമരങ്ങൾ ഉയർന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എഫ്‌ഐടിയു ദേശീയ പ്രസിഡണ്ടായി റസാഖ് പാലേരിയെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി കെ.എസ് അബ്ദുൾ റഹ്‌മാൻ, ട്രഷറർ ആയി അഡ്വ: അബ്ദുൾ സലാം തുടങ്ങി 21 അംഗ ദേശീയ കമ്മറ്റിയേയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം നേതൃത്വം നൽകി.