- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിയൻകോപ് ഹ്യൂമാനിറ്റേറിയൻ സപ്പോർട്ട് പ്രോഗ്രാമിലൂടെ ജീവനക്കാർ സംഭാവന ചെയ്തത് 13,44,000 ദിർഹം
ദുബൈ: ദുരിതമനുഭവിക്കുന്ന സഹപ്രവർത്തകരുടെ ക്ഷേമത്തിനും പിന്തുണയ്ക്കുമായി യൂണിയൻകോപ് ജീവനക്കാർ ഇതുവരെ 13,44,000 ദിർഹം സമാഹരിച്ചുവെന്ന് അധികൃതർ അറിയിച്ചു. 2018ൽ യൂണിയൻകോപിന്റെ മാനവവിഭവ ശേഷി - സ്വദേശിവത്കരണ വിഭാഗം വഴി ഹ്യൂമാനിറ്റേറിയൻ സപ്പോർട്ട് പ്രോഗ്രാം പ്രഖ്യാപിച്ചതു മുതൽ ഇപ്പോൾ വരെയുള്ള കണക്കാണിത്. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ ശാഖകളിലും വിവിധ വിഭാഗങ്ങളിലും അതിന് പുറത്ത് പ്രാദേശികമായുമുള്ള മാനുഷിക വിഷയങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും സുസ്ഥിരതയും തുടർച്ചയും ഉറപ്പാക്കുന്നതിലേക്ക് യൂണിയൻകോപ് നീങ്ങുകയാണെന്ന് മാനവ വിഭവ ശേഷി -സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ അഹ്‌മദ് ബിൻ കനൈദ് അൽ ഫലാസി പറഞ്ഞു. ജീവനക്കാരെ ശാക്തീകരിക്കാനും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ പിന്തുണയ്ക്കാനും സഹായിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം അവരുടെ കുടുംബങ്ങൾക്ക് ഏറ്റവും മികച്ച പിന്തുണയും സഹായവും ലഭ്യമാക്കാനും ശ്രമിക്കുന്നു. ഇതിലൂടെ ജീവനക്കാർക്ക് സ്ഥാപനത്തോടുള്ള പ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനൊപ്പം പരസ്പര സഹകരണത്തിന്റെയും ഒരുമിച്ചുള്ള പ്രവർത്തനങ്ങളുടെയും സാധ്യതകൾ അവരെ ഉണർത്താനുമാണ് ലക്ഷ്യമിടുന്നത്.
ബുദ്ധിമുട്ടുന്ന ജീവനക്കാരെ അവരുടെ നിർണായക സമയങ്ങളിൽ സഹായിക്കുന്നതിനായുള്ള സംഭാവനകൾ ഫലപ്രദമായി സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് ഹ്യൂമാനിറ്റേറിയൻ സപ്പോർട്ട് പ്രോഗ്രാം തുടങ്ങിയത്. ജീവനക്കാരിൽ മാനവികതയുടെ മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സഹായകമാവുന്ന ഈ പദ്ധതിയിലൂടെ ഓരോരുത്തരും അവരവരുടെ സാമ്പത്തിക സ്ഥിതിയും സന്നദ്ധതയും അനുസരിച്ച് ഓരോ മാസവും നിശ്ചിത തുക സംഭാവന നൽകുകയാണ് ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ 2021 ആദ്യം മുതൽ സെപ്റ്റംബർ മാസം വരെ മാത്രം 80 ജീവനക്കാർക്ക് സഹായം എത്തിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് സ്ഥാപനത്തോടുള്ള ആത്മാർത്ഥത വർദ്ധിപ്പിക്കുന്ന തരത്തിൽ അവർക്ക് മികച്ച തൊഴിൽ അന്തരീക്ഷവും സന്തോഷവും ഉറപ്പുവരുത്താനുള്ള നിരന്തര പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനാൽ തന്നെ, മാനുഷിക പ്രാധാന്യമുള്ള പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനവും ജീവനക്കാർക്കുള്ള പിന്തുണയുമൊക്കെ യൂണിയൻകോപിന്റെ പ്രവർത്തനങ്ങളുടെ പ്രധാന ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം സഹായിക്കാൻ യൂണിയൻകോപ് കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കുന്നതിനാൽ ഏറ്റവും മികച്ചതും ക്രിയാത്മകവുമായ ഒരു പദ്ധതിയാണ് ഈ ധനസമാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കാനും ഇതിലൂടെ സാധിക്കുന്നു. ഇതിനുപുറമെ മറ്റുള്ളവർക്കായി സമ്പാദ്യത്തിന്റെ ഒരു ഭാഗം മാറ്റിവെയ്ക്കുന്നത് ഏറ്റവും മഹത്തായ കർമമാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി നിബന്ധനകളും വ്യവസ്ഥകളും ഈ പദ്ധതിക്കായി യൂണിയൻകോപ് തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്യാഹിതമോ അല്ലെങ്കിൽ അസാധാരണമായ പ്രയാസങ്ങളോ അനുഭവിക്കുന്ന ജീവനക്കാർക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. അതേസമയം തന്നെ സഹായം സ്വീകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തുകയും സഹായം ലഭിക്കുന്നതിനുള്ള ചില നിബന്ധനകളിൽ ആവശ്യമെന്നുകണ്ടാൽ ഇളവുകൾ അനുവദിക്കുകയും ചെയ്യുന്നുണ്ട്. സഹായത്തിനായി അഭ്യർത്ഥിക്കുന്ന ജീവനക്കാരന് മനോവിഷമം ഉണ്ടാവാതിരിക്കാനായി സാധ്യമാവുന്നത്ര വേഗത്തിൽ അവർക്ക് സഹായം എത്തിക്കുന്നു. ഇത് പദ്ധതിയുടെ ലക്ഷ്യം കൈവരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഒപ്പം സാധ്യമാവുന്നത്ര ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു.
പദ്ധതിയുടെ തുടക്കം മുതൽ ജീവനക്കാർ നൽകിയ പിന്തുണയില്ലാതെ ഹ്യൂമാനിറ്റേറിയൻ സപ്പോർട്ട് പ്രോഗ്രാം ഇത്രവലിയ വിജയത്തിലെത്തുകയോ ലക്ഷ്യം നേടുകയോ ചെയ്യുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാനവികവും സാമൂഹികവുമായുള്ള പദ്ധതികളിലും ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയുമൊക്കെ തലങ്ങളിൽ യൂണിയൻ കോപ് നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും സഹകരിക്കുന്ന ഓരോ ജീവനക്കാരനോടും അദ്ദേഹം നന്ദി അറിയിച്ചു. എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ പരമാവധി ആളുകളിലേക്ക് തങ്ങളുടെ സേവനങ്ങൾ എത്തിക്കാനാണ് യൂണിയൻകോപ് എപ്പോഴും പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.