പെട്രോൾ എക്കോണമിയിൽ നിന്നുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി എണ്ണക്കിണറിനടുത്ത് സമുദ്രാന്തർഭാഗത്ത് ഒരു ഫാന്റസി പാർക്ക് നിർമ്മിക്കുന്ന പദ്ധതി ഇന്നലെ സൗദി അറേബ്യ പ്രഖ്യാപിച്ചു. റോളർ കോസ്റ്റർ, വാട്ടർ സ്ലൈഡ്സ്, മറ്റ് എക്സ്ട്രീം സ്പോർട്സ് എന്നിവ അടങ്ങുന്നതായിരിക്കും ഈ സമുച്ചയം. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ ഉൾപ്പെടുന്ന ഈ പദ്ധതി സൗദിയുടെ വിനോദസഞ്ചാര മേഖലയിൽ ഒരു കുതിച്ചു ചാട്ടത്തിന് വഴി തെളിക്കുമെന്നാണ് കരുതപ്പെടുന്നത്.

ദി റിഗ് എന്ന് നാമകരണം ചെയ്തിരിക്കുന്ന 1.6 മില്ല്യൺ ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ഈ പദ്ധതി പ്രദേശത്ത് മൂന്നു ഹോട്ടലുകൾ, 11 റെസ്റ്റോറന്റുകൾ, സ്വിമ്മിങ് പൂളുകൾ, ഒരു ഫെറീസ് വീൽ എന്നിവയും ഉണ്ടായിരിക്കും. സമുദ്രാന്തർഭാഗത്തെ ഒരു റെസ്റ്റോറന്റ്, സാംസ്‌കാരിക പരിപാടികൾക്കുള്ള വേദി എന്നിവയും അടങ്ങിയ ഇവിടെ ആഡംബരക്കപ്പലുകൾക്കും അടുക്കുവാനുള്ള സൗകര്യമുണ്ട്. ഈ പദ്ധതിയുടെ ഒരു ഡിജിറ്റൽ ദൃശ്യാവിഷ്‌കാരമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

അടുത്തയിടെ ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ന്യുകാസിൽ യുണൈറ്റഡ് 300 മില്യൺ പൗണ്ടിന് വാങ്ങിയ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് ഇതിനും മുതൽ മുടക്കുന്നത്. റിയാദിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുവനുള്ള ഒരു അടവാണ് ഫുട്ബോൾ ക്ലബ് സ്വന്തമാക്കുന്നതിനു പുറകിലുള്ളതെന്ന് നേരത്തേ വിമർശനം ഉയർന്നിരുന്നു. ദുബായ്, അബുദാബി തുടങ്ങിയവയെപോലെ പാശ്ചാത്യർക്കായി അതിമനോഹരമായ ഒരു ഒഴിവുകാല ഡെസ്റ്റിനേഷൻ ഒരുക്കുക എന്നതാണ് ഈ പുതിയ പദ്ധതിയിലൂടെ സൗദി അറേബ്യ ഉന്നം വയ്ക്കുന്നത്.

മാത്രമല്ല, ഇതിലൂടെ പെട്രോൾ എക്കോണമിക്ക് പകരമായി വിനോദ സഞ്ചാര മേഖലയെ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമവുമുണ്ട്. തീർത്തും വ്യത്യസ്തമായ ഈ പുതിയ സംരംഭം ലോകമാകമാനമുള്ള സന്ദർശകരെ ആകർഷിക്കും എന്നാണ് കണക്കാക്കുന്നത്. സമ്പദ്വ്യവസ്ഥ വിപുലീകരിക്കുകയും അതിൽ വൈവിധ്യം കൊണ്ടുവരികയും ചെയ്യുന്നതിനുള്ള സൗദി അറേബ്യയുടെ നടപടികൾക്ക് ഇത് പുതിയ ഊർജ്ജം പകരുമെന്നും കരുതപ്പെടുന്നു. ഈ പദ്ധതിക്ക് എന്ത് ചെലവ് വരുമെന്നോ, നിർമ്മാണം എന്ന് തീരുമെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ലക്ഷക്കണക്കിന് ഇസ്ലാമത വിശ്വാസികൾ എല്ലാവർഷവും മെക്ക സന്ദർശിക്കുമ്പോഴും രാജ്യത്തെ കർശന നിയമങ്ങൾ, പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ടവ, സൗദിയെ പാശ്ചാത്യർക്ക് അത്ര പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രം അല്ലാതെയാക്കിയിട്ടുണ്ട്. എന്നിരുന്നാലും ആ പ്രതിച്ഛായ മാറ്റാനാകുമെന്നാണ് സൗദി കരുതുന്നത്. അയൽക്കാരായ ദുബായ്, അബുദാബി, ഒമാൻ എന്നിവയെപോലെ ആകർഷകമായ ഇൻസെന്റീവുകളും റിവാർഡുകളും കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് സൗദി വിശ്വസിക്കുന്നു.