വിക്ടോറിയൻ സംസ്ഥാനം അതിന്റെ 70 ശതമാനം ഇരട്ട ഡോസ് വാക്‌സിനേഷൻ ലക്ഷ്യത്തോട് അടുക്കുന്നതോടെ വാക്‌സിൻ സ്വീകരിച്ചവർക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചേക്കും. എന്നാൽ വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്ക് 2022 വരെ പബ്ബിലും, പരിപാടികളിലും വിലക്ക് നേരിടേണ്ടി വരുമെന്ന് പീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.

ഡിസംബർ 1 മുതൽ വാക്സിനെടുത്തവർക്കും, എടുക്കാത്തവർക്കും തുല്യമായ സ്വാതന്ത്ര്യം അനുവദിക്കാൻ എൻഎസ്ഡബ്യു തീരുമാനിച്ചപ്പോഴാണ് വിക്ടോറിയ എതിർദിശയിൽ നീങ്ങുന്നത്.വാക്സിനേഷൻ 90 ശതമാനമെങ്കിലും എത്തിച്ചേരാതെ വാക്സിൻ സ്വീകരിക്കാത്തവരെ പബ്ബിലും, സ്റ്റേഡിയത്തിലും പ്രവേശിപ്പിക്കില്ല. ഇത് അടുത്തൊന്നും നടക്കാനും ഇടയില്ല. അതുകൊണ്ട് തന്നെ 2022 വരെയെങ്കിലും ഇത് നീണ്ടേക്കാം, ആൻഡ്രൂസ് വ്യക്തമാക്കി.

അടുത്ത വർഷം സ്റ്റേഡിയങ്ങളിലും മറ്റും പ്രവേശിക്കാൻ വാക്സിൻ പാസ്പോർട്ട് നടപ്പാക്കാനാണ് ആൻഡ്രൂസ് തയ്യാറെടുക്കുന്നത്. കൂടാതെ വിക്ടോറിയയിൽ 2022ൽ ബൂസ്റ്റർ ഡോസും ലഭ്യമാക്കും.

രാത്രികാല കർഫ്യുവും, 15 കിലോമീറ്റർ യാത്രാ പരിധിയും റദ്ദാക്കും. ഹോസ്പിറ്റാലിറ്റി ഔട്ട്ലെറ്റുകൾ ഭക്ഷണം കഴിക്കാനായി പരിധികളോടെ തുറന്നുനൽകും. ക്ലാസ്മുറികളിൽ വെള്ളിയാഴ്ച മുതലാണ് വിദ്യാർത്ഥികൾ തിരിച്ചെത്തുക.

കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളുമായുള്ള അതിർത്തികൾ ക്രിസ്മസിനോടനുബന്ധിച്ച് തുറക്കില്ലെന്ന പ്രഖ്യാപനവുമായി പടിഞ്ഞാറൻ ഓസ്ട്രേലിയൻ പ്രീമിയർ രംഗത്തെത്തി. ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള അതിർത്തികൾ തുറക്കാനുള്ള സാധ്യതയാണ് പ്രീമിയർ മാർക്ക് മക്ഗോവൻ തള്ളിക്കളഞ്ഞത്. അതിർത്തികൾ അടുത്ത വർഷം തുറന്നേക്കുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

അതേസമയം കോവിഡ് വ്യാപനം കുറഞ്ഞ ക്വീൻസ്ലാൻഡ് സംസ്ഥാനത്തുനിന്നു വരുന്ന യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ ക്വാറന്റീൻ ആവശ്യമില്ല. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് ഈ ഇളവുള്ളത്.

ക്വീൻസ് ലാൻഡിനെ അപകടസാധ്യത കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് അവിടെനിന്നുള്ള യാത്രക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കിയത്. പ്രതിരോധ കുത്തിവയ്‌പ്പ് രണ്ടു ഡോസും സ്വീകരിച്ചവർക്ക് ക്രിസ്മസിനോടനുബന്ധിച്ച് ക്വീൻസ്ലാൻഡിന്റെ അതിർത്തികൾ തുറന്നുകൊടുക്കാനുള്ള പദ്ധതി പ്രീമിയർ അന്നാസ്റ്റാസിയ പാലസ്‌ക്സുക്ക് കഴിഞ്ഞ ദിവസമാണ് വിശദീകരിച്ചത്.

12 വയസും അതിനു മുകളിലും പ്രായമുള്ള 80 മുതൽ 90 ശതമാനം വരെ പടിഞ്ഞാറൻ ഓസ്‌ട്രേലിയക്കാർ രണ്ടു ഡോസ് കോവിഡ് വാക്സിനും സ്വീകരിക്കുമ്പോൾ അതിർത്തികൾ തുറക്കാനാണു തീരുമാനം.