കുവൈത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. ഇത് സംബന്ധിച്ച സുപ്രീം കൊറോണ എമർജൻസി കമ്മിറ്റിയുടെ ശിപാർശകൾ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തു . നാളെ ചേരുന്ന കാബിനറ്റ് യോഗത്തിനു ശേഷം ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ട സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചു സാധാരണ ജീവിതത്തിലേക്കുള്ള മടക്കം സാധ്യമാകാനുള്ള നീക്കത്തിലാണ് കുവൈത്ത് ഭരണകൂടം. പള്ളികളിലെ സാമൂഹിക അകലവും തുറന്ന സ്ഥലങ്ങളിലെ മാസ്‌ക് ഉപയോഗവും ഒഴിവാക്കുന്നതാണ് പ്രധാനപ്പെട്ട ഇളവ്. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിവാഹപാർട്ടികളും പൊതു സമ്മേളനങ്ങളും നടത്താൻ അനുമതി നൽകാമെന്നും ഹാളുകൾ ഓഡിറ്റോറിയങ്ങൾ എന്നിവ തുറക്കാമെന്നും കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട് .

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ തോതിലാക്കുക, വിസ വിതരണം പുനരാരംഭിക്കുക തുടങ്ങിയ നിർദേശങ്ങളും കമ്മിറ്റി മുന്നോട്ടു വെച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. രാജ്യത്താകെ 569 പോസിറ്റീവ് കേസുകൾ മാത്രമാണ് നിലവിലുള്ളത്. ജനസംഖ്യയുടെ 80 ശതമാനത്തോളം ജനങ്ങളും പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുകയും ആറുമാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.