സ്ഥിതിഗതികൾ തന്നെ മാറ്റിമറിച്ചേക്കാവുന്ന കോവിഡ് മരുന്ന് വലിയ അളവിൽ തന്നെ ബ്രിട്ടൻ വാങ്ങി ശേഖരിച്ചിട്ടുണ്ടെന്ന് സാജിദ് ജാവിദ് അറിയിച്ചു. വരുന്ന ശൈത്യകാലത്ത് അത് വിപണിയിൽ ലഭ്യമാകും. അമേരിക്കൻ കമ്പനിയായ മെർക്കിന്റെ മോൾനുപിറവിർ എന്ന മരുന്നിന്റെ 4,80,000 ഡോസുകളും ഫൈസറിന്റെ പി എഫ്-073 യുടെ 2,50,000 ഡോസുകളുമാണ് ശേഖരിച്ചിരിക്കുന്നത്. എന്തുവിലയ്ക്കാണ് മരുന്നുകൾ വാങ്ങിയിരിക്കുന്നത് എന്ന കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഇക്കഴിഞ്ഞ വേനൽക്കാലത്ത് 1.7 മില്ല്യൺ മോൾനുപിറവിർ അമേരിക്ക വാങ്ങിയത് 869 മില്ല്യൺ പൗണ്ടിനായിരുന്നു.

മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എം എച്ച് ആർ എ) യുടെ അംഗീകാരം പക്ഷെ ഈ മരുന്നിന് ഇതുവരെ ലഭിച്ചിട്ടില്ല. നവംബർ ആദ്യത്തോടെ അംഗീകാരം ലഭിച്ചേക്കും എന്നാണ് അറിയാൻ കഴിയുന്നത്. എന്നിരുന്നാലും ഫൈസറിന്റെ ഗുളികൾ വിപണിയിൽ ലഭ്യമാകാൻ ജനുവരി വരെ കാത്തിരിക്കേണ്ടി വരും എന്നാണ് അറിയാൻ കഴിയുന്നത്.

ദിവസേന രണ്ടു നേരം മോൾനുപിറവിർ കഴിച്ചാൽ, കോവിഡ് ബാധിതർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന്റെയും മരണമടയുന്നതിന്റെയും സാധ്യത 50 ശതമാനം കുറയും എന്നാണ് ഈ മാസം ആദ്യം നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത്. മനുഷ്യ ശരീരത്തിൽ പ്രത്യൂദ്പാദനം നടത്താനുള്ള വൈറസിന്റെ കഴിവിനെ ഇല്ലായ്മ ചെയ്താണ് ഈ മരുന്ന് രോഗം നിയന്ത്രിക്കുന്നത്. അതേസമയം,പരീക്ഷണാടിസ്ഥാനത്തിലുള്ള ആന്റി വൈറലുകളുടെയും റിടോനാവിറിന്റെയും മിശ്രിതമായ ഫൈസറിന്റെ മരുന്ന് ഇനിയും ക്ലിനിക്കൽ ടെസ്റ്റ് പൂർത്തിയാക്കിയിട്ടില്ല.

വൈറസ് ബാധ ഏറ്റവരെ ചികിത്സിക്കുന്നതിനും അതുപോലെ രോഗലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകാതെ നോക്കുന്നതിനുമാണ് ആന്റി വൈറൽ മരുന്നുകൾ ഉപയോഗിക്കുന്നത്. വൈറസ് ബാധിച്ചവർക്കും അതുപോലെ വൈറസ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുമായിരിക്കും മരുന്നുകൾ നൽകുക എന്നുംസജിദ് വാജിദ് പറഞ്ഞു. അതുപോലെ രോഗം ഗുരുതരമാകാൻ ഇടയുള്ള കോവിഡ് ബാധിതർക്കും ഇത് നൽകും. എൻ എച്ച് എസ് വഴി ലഭ്യമാകുന്ന ഈ മരുന്ന് വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ലഭ്യമാകും.

വക്സിൻ എടുക്കാത്തവരിലായിരുന്നു മോൾനുപിറവിർ പരീക്ഷിച്ചത്. എന്നിട്ടുംരോഗം ഗുരുതരമാകാനുള്ള സാധ്യത 50 ശതമാനത്തോളം കുറയ്ക്കാൻ അതിനുകഴിഞ്ഞു. അതുതന്നെ ഈ മരുന്നിന്റെ ഫലസിദ്ധി തെളിയിക്കുന്നു. രോഗവ്യാപനം ഒരു പരിധിവരെ തടയുവാനും അതുപോലെ വേഗത്തിൽ രോഗമുക്തി കൈവരിക്കാനും ഈ മരുന്ന് സഹായിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇത് എത്രയും പെട്ടെന്ന് വിപണിയിൽ ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സാജിദ് ജാവിദ് പറഞ്ഞു.