കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ കുവൈത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. തുറസായ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്നതടക്കം കൂടുതൽ ഇളവുകളും നല്കാൻ മന്ത്രിസഭ തീരുമാനിച്ചു. വെള്ളിയാഴ്ച മുതൽ പള്ളികളിലെ സാമൂഹ്യ അകല നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.

പള്ളികൾ ഉൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് തുടരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതൽ പൂർണശേഷിയിൽ പ്രവർത്തിച്ചു തുടങ്ങും. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ കൈക്കൊള്ളാൻ മന്ത്രിസഭ വ്യോമയാന വകുപ്പിനെ ചുമതലപ്പെടുത്തി. കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന വിസ വിതരണം പഴയ തോതിൽ പുനരാരംഭിക്കാനും മന്ത്രിസഭ അനുമതി നൽകി.

ആരോഗ്യ മാനദണ്ഡം പാലിച്ചു കൊണ്ടുള്ള വിവാഹപാർട്ടികൾക്കും സമ്മേളങ്ങൾക്കും അനുമതി ഉണ്ടാകും. കൊറോണ പ്രതിരോധത്തിനായുള്ള ഉന്നതാധികാര സമിതിയുടെ ശുപാർശ പരിഗണിച്ചാണ് വിവിധ മേഖലകളിൽ ഇളവ് നൽകാൻ മന്ത്രിസഭാ തീരുമാനം. വിവാഹ ആഘോഷങ്ങൾക്ക് അനുമതി നൽകാനും തീരുമാനമുണ്ട്. ആരോഗ്യ സുരക്ഷയ്ക്കായുള്ള നിയന്ത്രണങ്ങളോടെ സെമിനാറുകളും കോൺഫറൻസുകളും നടത്താൻ ആനുവദിക്കും.