വാഷിങ്ടൺ: അമേരിക്കയിലെ ഏറ്റവും ഉയർന്ന റാങ്കിൽ എത്തുന്ന ട്രാൻസ്ജന്റർ ഡോ.റേച്ചൽ ലെവിൻ(63) ഫോർ സ്റ്റാർ' ഓഫീസറായി ഒക്ടോബർ 19 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

യു.എസ്. പബ്ലിക്ക് ഹെൽത്ത് സർവീസ് കമ്മീഷന്റ് കോർപാണ് ഇപ്പോൾ ഡോ.റേച്ചൽ. പ്രസിഡന്റ് ജൊ ബൈഡനാണ് ഇവരെ പുതിയ തസ്തികയിൽ നിയമിച്ചത്. അഡ്‌മിറൽ എന്ന പുതിയ തസ്തികയിൽ സത്യപ്രതിജ്ഞ ചെയ്തതോടെ തന്റെ ജീവിതത്തിൽ മറ്റൊരു ചരിത്ര മുഹൂർത്തമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഡോ.റേച്ചൽ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പ്രതികരിച്ചു.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ടുലെൻ യൂണിവേഴ്സിറ്റി സ്‌ക്കൂൾ ഓഫ് മെഡിസിനിൽ നിന്നും ഡോക്ടർ ബിരുദം നേടിയ ശേഷം പീഡിയാട്രിഷനായി ജോലി ചെയ്തിരുന്നു.

രാജ്യത്തെ എല്ലാവർക്കും തുല്യഅവകാശം നൽകുന്നതിലേക്ക് മറ്റൊരു ഉദാത്ത മാതൃകയാണ് ഡോ.റേച്ചലിന്റെ നിയമനമെന്ന് ഹെൽത്ത് സെക്രട്ടറി സേവ്യർ ബെസീറ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാർച്ചിൽ ഡോ.റെയ്ച്ചലിനെ ഹെൽത്ത് യു.എസ്. അസി.സെക്രട്ടറിയായി യു.എസ്. സെനറ്റ് 48 വോട്ടിനെതിരെ 52 വോട്ടിന് അംഗീകരിച്ചിരുന്നു.