തിരുവനന്തപുരം: മഴക്കെടുതിയിൽപ്പെട്ടവർക്ക് അടിയന്തര ധനസഹായം നൽകാത്തതു മൂലം ദുരിതബാധിതർ വലയുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവനും കയ്യിൽ പിടിച്ച് ഓടിയവർ ഇന്ന് അത്യാവശ്യ കാര്യങ്ങൾക്ക് പോലും കയ്യിൽ പണമില്ലാതെ നട്ടം തിരിയുകയാണ്. കഴിഞ്ഞ പ്രളയങ്ങളിൽ എല്ലാം നഷ്ടമായ കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചിരുന്നു. ഇത്തവണ മരിച്ചവരുടെ ആശ്രിതർക്കും വീടും ജീവനോപാധികളും നഷ്ടമായവർക്കും അടിയന്തര ധനസഹായം അനുവദിച്ചില്ല.

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് അത്യാവശ്യങ്ങൾക്കു പോലും പുറത്തേക്കിറങ്ങാൻ പണം ഇല്ലാത്ത സാഹചര്യമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും വീടും സ്ഥലവും നഷ്ടമായവർക്കും നഷ്ടപരിഹാരം നൽകുന്നതു വേഗത്തിലാക്കാൻ കലക്ടർമാർക്കു സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

വീടു പൂർണമായി തകർന്നവർക്കും ഭാഗികമായി തകർന്നു താമസയോഗ്യം അല്ലാതായവർക്കും 4 ലക്ഷം രൂപ വീതം നൽകും. ആവശ്യമായ തുക കലക്ടർമാരുടെ അക്കൗണ്ടിലേക്കു നൽകിയിട്ടുണ്ട്. കൂടുതൽ തുക വേണ്ടിവന്നാൽ, സംസ്ഥാന ദുരന്ത നിവാരണ നിധിയിൽനിന്നു നൽകും.