പാലാ: കെ എസ് ആർ ടി സി ബസ് ടെർമിനലിനോടനുബന്ധിച്ചു പണി പൂർത്തീകരിച്ച ഷോപ്പിങ് കോംപ്ലക്‌സിലെ മുറികൾ ലേലം ചെയ്തു പ്രവർത്തനക്ഷമമാക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയ നിവേദനത്തിൽ മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ഇവിടെ ശുചിമുറി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി എം എൽ എ ഫണ്ടിൽ നിന്നും നാലര ലക്ഷം രൂപ അനുവദിച്ചിരുന്നതായും എം എൽ എ പറഞ്ഞു. വാട്ടർ ടാങ്ക്, പൈപ്പുകൾ, മോട്ടോറുകൾ എന്നിവയ്ക്കുവേണ്ടിയാണ് തുക അനുവദിച്ചത്. സർക്കാരിനു ലഭിക്കാൻ ഇതുമൂലം സാധിക്കുമെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

വർഷങ്ങൾക്കു മുമ്പ് തയ്യാറാക്കിയ കെ എസ് ആർ ടി സി ഷോപ്പിങ് കോംപ്ലെക്‌സ് പദ്ധതി പാതിവഴിയിൽ നിലച്ചുപോകുകയായിരുന്നു. മാണി സി കാപ്പൻ എം എൽ എ ആയതിനു ശേഷം നിരന്തരം നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് പണികൾ പൂർത്തീകരിച്ചത്.

നിർത്തലാക്കിയ സർവ്വീസുകൾ പുനഃ രാരംഭിക്കണം: മാണി സി കാപ്പൻ

പാലാ: പാലാ ഡിപ്പോയിൽ നിന്നും നിർത്തലാക്കിയ എല്ലാ ബസ് സർവ്വീസുകളും പുനഃ രാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു മാണി സി കാപ്പൻ എം എൽ എ ഗതാഗതമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കെ എസ് ആർ ടി സി ബസ് സർവ്വീസ് പുനഃരാരംഭിക്കാത്തതിനാൽ ജോലിക്കാർ ഉൾപ്പെടെയുള്ളവർ കഷ്ടപ്പെടുകയാണ്.