വാഷിങ്ടൺ ഡി.സി.: അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്, ആദ്യ സൗത്ത് ഏഷ്യൻ എന്നീ നിലകളിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ച കമലാ ഹാരിസിന്റെ 57-ാം ജന്മദിനം സമുചിതമായി ആഘോഷിച്ച വിവരം കമലഹാരിസിന്റെ ഭർത്താവും, അമേരിക്കയിലെ സെക്കന്റ് ജന്റിൽമാനുമായ ഡഗ് എംഹോപ്പ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.

സാഹചര്യം എന്തുതന്നെയായാലും കമലയുടെ ജന്മദിനം തങ്ങളുടെ ജീവിതത്തിൽ വളരെ സന്തോഷം നൽകുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോ.ശ്യാമള ഗോപാലന്റേയും ജമൈക്കയിൽ ജനിച്ച ഡൊണാൾഡ് ഹാരിസിന്റേയും മകളായി 1964 ഒക്ടോബർ 20നായിരുന്നു കമലയുടെ ജനനം. കമലയ്ക്ക് 7 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടിയിരുന്നു. കമലയും, സഹോദരി മായയും അമ്മയോടൊപ്പമാണ് വളർന്നത്.

അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ഹവാർഡിൽ നിന്നും ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയായിൽ നിന്നും നിയമ ബിരുദവും നേടി.

ഡമോക്രാറ്റിക് പാർട്ടി അംഗമായിരുന്ന കമല 2011 മുതൽ 2017 വരെ കാലിഫോർണിയാ അറ്റോർണി ജനറലായിരുന്നു. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ എന്ന പദവി 2017 മുതൽ 2021 വരെ ഇവർ അലങ്കരിച്ചു. 2020 ൽ ബൈഡനോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമല പൊതു തിരഞ്ഞെടുപ്പിൽ ജയിച്ചു അമേരിക്കയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.