മുംബൈ: മഹാരാഷ്ട്രയിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി വീണ 50കാരിയെ രക്ഷപ്പെടുത്തി വനിതാ കോൺസ്റ്റബിൾ. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ 50കാരിയെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥ സമയോചിതമായ ഇടപെടലിലൂടെയാണ് രക്ഷപ്പെടുത്തിയത്. 50കാരിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

മുംബൈയിലെ സാൻഡ് ഹർസ്റ്റ് റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് 50കാരി രക്ഷപ്പെട്ടത്. പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ ചലിക്കാൻ തുടങ്ങി. ഈസമയത്ത് ട്രെയിനിൽ ഓടി കയറാൻ ശ്രമിക്കുന്നതിനിടെയാണ് 50കാരി കാൽതെറ്റി വീണത്.

 

പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ 50കാരിയെ ഇത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ സുരക്ഷാസേനയിലെ വനിതാ കോൺസ്റ്റബിൾ രക്ഷിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഒരു നിമിഷം ട്രെയിനിന്റെ അടിയിലേക്ക് വീണുപോകുമായിരുന്ന 50കാരിയെ ഉടൻ തന്നെ ഓടിച്ചെന്ന് പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സപ്ന ഗോൾക്കറാണ് സമയോചിതമായ ഇടപെടൽ നടത്തിയത്. ഇപ്പോൾ സപ്ന ഗോൾക്കർക്ക് സോഷ്യൽമീഡിയയിൽ അടക്കം അഭിനന്ദനപ്രവാഹമാണ്.