തിരുവനന്തപുരം: സർക്കാർ എയ്ഡഡ് കോളജുകളിലെ അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ നടത്തുന്നതും ട്യൂഷനെടുക്കുന്നതും നിയമലംഘനമാണെന്നും സർക്കാർ. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നിർദ്ദേശം.

ഇത്തരം നിയമവിരുദ്ധ പ്രവണതകൾ പരിശോധിച്ച് റിപ്പോർട്ട് സമർപിക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പൽമാരോട് നിർദേശിച്ചു. വ്യാപക പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

നിയമവിരുദ്ധ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽമാർ സഹപ്രവർത്തകരെ അറിയിക്കണം. കോളജിലെ അദ്ധ്യാപകർ സ്വകാര്യ ട്യൂഷനിൽ ഏർപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കു സമർപിക്കണം. ഡെപ്യൂട്ടി ഡയറക്ടർമാർ റിപ്പോർട്ട് വിലയിരുത്തി മൂന്നു മാസം കൂടുമ്പോൾ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.