തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചയാളുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ടു റവന്യു വകുപ്പ് ഉത്തരവിറക്കി. ബിപിഎൽ കുടുംബങ്ങൾക്കു മൂന്നുവർഷത്തേക്കു പ്രതിമാസം 5,000 രൂപ വീതമാണ് ധനസഹായം.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ ആശ്രിതർക്ക് അതത് വില്ലേജ് ഓഫീസുകളിൽ സമർപ്പിക്കാം. അപേക്ഷ ഓൺലൈനായി അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കി വരുന്നു. പോർട്ടൽ സജ്ജമാകുന്നതോടെ ബിപിഎൽ ആണെന്ന് തെളിയിക്കുന്നതിന് റേഷൻ കാർഡ് അടക്കമുള്ള രേഖകളും ഓൺലൈനായി സമർപ്പിക്കാനാകും.

ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുടുംബത്തിലെ വരുമാനദായകനോ, ദായികയോ ആയ വ്യക്തി മരിച്ചാലാണ് സഹായം ലഭിക്കുക. ഏതെങ്കിലും പെൻഷനുകൾ ലഭിച്ചുകൊണ്ടിരിക്കുന്നവർക്കും സഹായത്തിന് അർഹതയുണ്ടാകും. മരിച്ചയാളുടെ വരുമാനം ഒഴിവാക്കിയാകും ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള വരുമാന പരിധി നിശ്ചയിക്കുക.

ആശ്രിതരുടെ കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായ നികുതി നൽകുന്നവരോ ഇല്ലെന്ന് വില്ലേജ് ഓഫീസർമാർ ഉറപ്പുവരുത്തിയ ശേഷമാകും ബിപിഎൽ ഗുണഭോക്താക്കളെ നിശ്ചയിക്കുക. സംസ്ഥാനത്തിനകത്തോ പുറത്തോ രാജ്യത്തിനു പുറത്തോ മരിച്ചതാണെങ്കിലും കുടുംബം സംസ്ഥാനത്തിനകത്തു സ്ഥിരതാമസമാക്കിയിട്ടുണ്ടെ ങ്കിൽ ആനുകൂല്യം നൽകും.

അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിലേക്ക് വിളിച്ചുവരുത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അപേക്ഷ ലഭിച്ച് ഒരുമാസത്തിനകം തീരുമാനം എടുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് ബാധിച്ചു മരിച്ച ബിപിഎൽ കുടുംബങ്ങളിൽപ്പെട്ടവരുടെ ആശ്രിതർക്കു പ്രഖ്യാപിച്ച ധനസഹായത്തിന് വനിതാശിശുവികസന വകുപ്പിന്റെ കോവിഡ് സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന കുടുംബങ്ങളെ ഒഴിവാക്കും.