കോഴിക്കോട്: തിരുവനന്തപുരത്ത് നിന്നും കരൾ പറന്നെത്തിയപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ കഴിയുന്ന സിദ്ധാർഥ് കുമാറിന് (61) ലഭിച്ചത് പുതിയ ജീവൻ. തിരുവനന്തപുരത്തു മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ കരളാണ് സിദ്ധാർത്ഥിന് വേണ്ടി എയർലിഫ്റ്റ് ചെയ്ത് കോഴിക്കോട്ടെത്തിച്ചത്. റോഡ് മാർഗം അവയവം എത്തിക്കുന്നതിനെടുക്കുന്ന സമയദൈർഘ്യം പരിഗണിച്ചാണ് എയർ ആംബുലൻസ് വഴി കരൾ കോഴിക്കോെേട്ടത്തിച്ചത്.

കരൾ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും റോഡ് മാർഗം ആശുപത്രിയിലെത്തിക്കുമ്പോൾ ഓപ്പറേഷനുള്ള സർവ്വ സജീകരണങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു അവിടുത്തെ ഡോക്ടർമാർ. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കണ്ണൂർ സ്വദേശിയായ സിദ്ധാർഥ് കുമാറിനാണ് കരൾ മാറ്റിവച്ചത്. തിരുവനന്തപുരത്ത് നിന്നും എളുപ്പത്തിൽ കരൾ കോഴിക്കോട്ട് എത്തിക്കാൻ മിംസ് ആശുപത്രി അധികൃതർ നേരിട്ട് ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. ചിപ്സൺ ഏവിയേഷന്റെ മാനേജിങ് ഡയറക്ടർ സുനിലിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 3.30നാണ് തിരുവനന്തപുരത്തുനിന്ന് എയർ ആംബുലൻസ് പുറപ്പെട്ടത്.

അഞ്ചുമണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് പ്രത്യേക ആംബുലൻസിൽ പുളിക്കൽ, രാമനാട്ടുകര വഴി അഞ്ചരയോടെ ആസ്റ്റർ മിംസിലെത്തുകയുമായിരുന്നു. ആംബുലൻസിനെ കടത്തിവിടാൻ റോഡുകളിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. അവയവം ആശുപത്രിയിലെത്തുന്നതിനു മുൻപു തന്നെ ശസ്ത്രക്രിയയ്ക്കാവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും ആശുപത്രിയിൽ ഒരുക്കിയിരുന്നു.

കരൾ നേരിട്ട് ഓപ്പറേഷൻ തിയറ്ററിലെത്തിക്കുകയും ശസ്ത്രക്രിയ ആരംഭിക്കുകയുമാണ് ചെയ്തത്. ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. സജീഷ് സഹദേവൻ, സീനിയർ കൺസൽട്ടന്റ് ഗ്യാസ്ട്രോ സർജന്മാരായ ഡോ. കെ. നൗഷിഫ്, ഡോ. അഭിഷേക് രാജൻ, ഡോ. സീതാലക്ഷ്മി എന്നിവരും ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്യാസ്ട്രോ സംഘവും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.