വടക്കാഞ്ചേരി: നോക്കുകൂലി ആവശ്യപ്പെട്ട് വീട്ടുടമയുടെ കൈ തല്ലിയൊടിച്ച കേസിൽ 10 സിഐടിയു ചുമട്ടുതൊഴിലാളികളുടെ തൊഴിൽ റജിസ്‌ട്രേഷൻ ജില്ലാ ലേബർ ഓഫിസർ സസ്‌പെൻഡ് ചെയ്തു.അറസ്റ്റിലായ 8 തൊഴിലാളികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.വി.വി.ജയകുമാർ, പി.വി.രാധാകൃഷ്ണൻ, കെ.ജെ.ജോർജ്, എം.ആർ.രാജേഷ്, സി.എസ്.വിഷ്ണു, എ.എസ്.ഷാജൻ, കെ.എം.ബഷീർ, എം.ബി.സുകുമാരൻ, യു.വി.തമ്പി, സി.ആർ.രാജീവൻ എന്നിവരുടെ തൊഴിൽ കാർഡാണു സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് തെക്കുംകര മലാക്കയിൽ വീടുപണിക്കു ഗ്രാനൈറ്റ് ഇറക്കുന്നതിനു നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ വീട്ടുടമ കദളിക്കാട്ടിൽ പ്രകാശന്റെ(53) കൈ തല്ലിയൊടിച്ചത്. കുന്നംകുളം അസിസ്റ്റന്റ് ലേബർ ഓഫിസർ വി.കെ.റഫീക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. കേരള ചുമട്ടു തൊഴിലാളി നിയമപ്രകാരം ഗാർഹിക മേഖലയിലെ കയറ്റിറക്ക് ചുമട്ടുതൊഴിലിൽ ഉൾപ്പെടില്ലെന്നും ഉടമയ്ക്ക് ഇഷ്ടമുള്ള തൊഴിലാളികളെക്കൊണ്ട് തൊഴിൽ ചെയ്യിക്കാമെന്നും നോക്കുകൂലി ആവശ്യപ്പെടുകയോ വീട്ടുടമയെ തൊഴിലിൽ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും വ്യവസ്ഥ ഉണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.