കണ്ണൂർ: വടക്കൻ കേരളത്തിൽ കനത്ത മഴ. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. ചന്ദനക്കാംപാറ പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ തീരത്തെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തി. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. പുഴയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. അട്ടപ്പാടി ചുരം റോഡിൽ ഏഴാം വളവിൽ മലവെള്ളപ്പാച്ചിൽ ഒരു സ്‌കൂട്ടർ ഒലിച്ചുപോയി. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. മണ്ണാർകാട് തെങ്കര സ്വദേശി ചന്ദ്രൻ എന്നയാളുടെ സ്‌കൂട്ടിയാണ് ഒലിച്ചുപോയത്. പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ചന്ദ്രനെ രക്ഷിച്ച് ആനമൂളി ചെക്ക് പോസ്റ്റിലെത്തിച്ചത്. അട്ടപ്പാടി കള്ളമലയിൽ ശക്തമായ കാറ്റിൽ മേൽക്കൂര ഇടിഞ്ഞു വീണു ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

പാലക്കാട് മുക്കാലി മന്ദംപൊട്ടി ചപ്പാത്ത് കരകവിഞ്ഞ് ഒഴുകിയതിനാൽ ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ ആനമൂളി ചെക്ക് പോസ്റ്റിലും മുക്കാലി ചെക്ക് പോസ്റ്റിലും തടഞ്ഞു. മീൻ വല്ലം പ്രദേശത്തെ വനത്തിനുള്ളിൽ പെയ്ത കനത്ത മഴയെയ തുടർന്ന് തുപ്പനാട് പുഴ കവിഞ്ഞൊഴുകുകയാണ്.

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഒലിപ്പുഴയിലും ശക്തമായ മലവെള്ളപാച്ചിൽ ഉണ്ടായി .കേരള എസ്റ്റേറ്റ് അതിർത്തിയിൽ മണ്ണ് പുഴയിലേക്ക് ഇടിഞ്ഞു. സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാവുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ടുമുണ്ട്.