റിയാദ്: കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ ഹരിത സൗദി പദ്ധതിയുമായി സൗദി അറേബ്യ മുന്നോട്ട്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ 2060ഓടെ പൂർണമായും നിയന്ത്രിച്ച്, നെറ്റ് സീറോ എമിഷനിൽ എത്തിക്കാനാണ് സൗദി ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശിയും ഗ്രീൻ സൗദി അറേബ്യയുടെ സുപ്രീം കമ്മറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ശനിയാഴ്ച പ്രഖ്യാപിച്ചു.

ഗ്രീൻ സൗദി സംരംഭത്തിന്റെ ആദ്യ പാക്കേജിന് തുടക്കമായതായി അദ്ദേഹം അറിയിച്ചു. 2030ഓടെ രാജ്യത്ത് 450 ദശലക്ഷം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക, എട്ട് ദശലക്ഷം ഹെക്ടർ നശിച്ച ഭൂമിയുടെ പുനരധിവാസം, പുതിയ സംരക്ഷിത പ്രദേശങ്ങൾ ഒരുക്കുക, 2030 ആകുമ്പോഴേക്കും പ്രതിവർഷം 270 ദശലക്ഷം ടണ്ണിലധികം കാർബൺ ബഹിർഗമനം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ തലസ്ഥാന നഗരിയായ റിയാദിനെ കൂടുതൽ സുസ്ഥിരമാക്കാനാണ് ശ്രമമെന്ന് കിരീടാവകാശി പറഞ്ഞു. 2060ൽ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനാണ് സൗദിയുടെ ലക്ഷ്യം.

ഗ്രീൻ സൗദി ഇനിഷ്യേറ്റീവ് ഫോറം ആദ്യ പതിപ്പ് ഉദ്ഘാടന ചടങ്ങിലാണ് ഗ്രീൻ സൗദി സംരംഭത്തിന്റെ ആദ്യ പാക്കേജ് അറിയിച്ചത്. ഹരിത സൗദി പദ്ധതിയുടെ ഭാഗമായി രാജ്യത്ത് 70,000 കോടിയിലേറെ റിയാൽ നിക്ഷേപങ്ങളോടെയുള്ള പദ്ധതികൾ കിരീടാവകാശി പ്രഖ്യാപിച്ചു. ഹരിത സമ്പദ് വ്യവസ്ഥയുടെ വികസനത്തിനും ഗുണനിലവാരമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സ്വകാര്യ മേഖലയ്ക്ക് വലിയ നിക്ഷേപ അവസരങ്ങൾ നൽകാനും 70,000 കോടിയിലേറെ റിയാലിന്റെ നിക്ഷേപ പദ്ധതികൾ സഹായിക്കും.