റിയാദ്: സൗദി അറേബ്യയിൽ ത്രിദിന സന്ദർശനത്തിനെത്തിയ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ മനേകയും പ്രതിനിധി സംഘത്തോടൊപ്പം ഉംറ തീർത്ഥാടനം നടത്തി. പ്രധാനമന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു ഇമ്രാൻ ഖാൻ ഉംറ തീർത്ഥാടനത്തിനെത്തിയത് .

പാക്കിസ്ഥാന്റെയും മുസ്ലിം സമൂഹത്തിന്റെയും സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ഇമ്രാൻ ഖാൻ പ്രാർത്ഥിച്ചതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകുന്നേരം മദീനയിലെത്തിയ ഇമ്രാൻ ഖാൻ അൽ-മസ്ജിദ് അൻ-നബാവിയിലേക്കും പോയി, പ്രാർത്ഥന നടത്തി .

റിയാദിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് ഉച്ചകോടിയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാണ് ഇമ്രാൻ സൗദിയിലെത്തിയത്. വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി, ഊർജ മന്ത്രി ഹമ്മദ് അസ്ഹർ, പരിസ്ഥിതി സംരക്ഷണ ഉപദേഷ്ടാവ് മാലിക് അമിൻ അസ്ലം എന്നിവരും ഇമ്രാൻ ഖാനൊപ്പമുണ്ട്.