- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂതാട്ടത്തിൽ ഭാഗ്യം കിട്ടാൻ നരബലി നൽകണമെന്ന് സിദ്ധന്മാർ ഉപദേശിച്ചു; ഭാര്യയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി ഡോക്ടറായ ഭർത്താവ്: പ്രതി പിടിയിലാകുന്നത് ഒമ്പത് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ
ബെംഗളൂരു: ചൂതാട്ടത്തിൽ ഭാഗ്യം കിട്ടാൻ ഭാര്യയെ നരബലി കൊടുത്ത ഡോക്ടറായ ഭർത്താവ് അറസ്റ്റിൽ. സിദ്ധന്മാരുടെ ഉപദേശം വിശ്വസിച്ച് ഭാര്യയെ അമിതമായ അളവിൽ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ കർണാടകത്തിലെ ദാവണഗെരെ ജില്ലയിലെ രാമേശ്വര സ്വദേശിയായ ചെന്നേശപ്പ (40) യാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ശില്പ (36)യാണ് അമിത അളവിൽ മരുന്ന് ഉള്ളിൽ ചെന്നതിനെ തുടർന്ന് മരിച്ചത്.
ഒമ്പതുമാസം നീണ്ട പൊലീസ് അന്വേഷണത്തിനൊടുവിലാണ് കുറ്റവാളി ചെന്നേശപ്പയാണെന്ന് കണ്ടെത്തിയത്. ഇയാളെ ന്യാമതി പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം. കുറഞ്ഞ രക്തസമ്മർദത്തിന് ചികിത്സയിലായിരുന്ന ഭാര്യയിൽ അതിനുള്ള മരുന്ന് അമിതയളവിൽ കുത്തിവെച്ച് ഡോക്ടർ കൊലപ്പെടുത്തുകയായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനത്തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിനിടെ ശില്പ മരിച്ചെന്നായിരുന്നു ഇയാൾ ബന്ധുക്കളെ അറിയിച്ചിരുന്നത്.
എന്നാൽ, ശില്പയുടെ തോളിൽ കുത്തിവെച്ച പാടും വായിൽ രക്തത്തിന്റെ അംശവും കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾക്ക് സംശയം തോന്നുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അമിതമായ അളവിൽ മരുന്ന് ഉള്ളിൽ ചെന്നാണ് മരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ശില്പ ചില അസുഖങ്ങൾക്ക് മരുന്ന് കഴിച്ചിരുന്നതായും ഇതാണ് അമിതമായ അളവിൽ മരുന്ന് ശരീരത്തിലുണ്ടെന്ന തോന്നൽ ഉണ്ടാക്കുന്നതെന്നുമായിരുന്നു ചെന്നേശപ്പയുടെ വാദം.
മന്ത്രവാദത്തിൽ അതീവ വിശ്വാസമുണ്ടായിരുന്ന ചെന്നേശപ്പ ചില സിദ്ധന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ചൂതാട്ടത്തിലും പന്തയത്തിലുമുൾപ്പെടെ നിരന്തരം തിരിച്ചടികൾ നേരിട്ടതോടെ നരബലി നൽകിയാൽ ഭാഗ്യം കിട്ടുമെന്ന് സിദ്ധന്മാർ ഇയാളെ ധരിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതലന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ