ബ്രിട്ടീഷ് എം പി സർ ഡേവിഡ് അമേസ്സിനെ ഒരു ഇസ്ലാമിക തീവ്രവാദി ക്രൂരമായി കുത്തികൊലപ്പെടുത്തിയ വാർത്ത ലോകം മുഴുവൻ ഒരു ഞെട്ടലോടെയാണ് കേട്ടത്. ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ബ്രിട്ടനിൽ ഒരു ജനപ്രതിനിധി വധിക്കപ്പെടുക എന്നത് ഞെട്ടലുളവാക്കുന്ന കാര്യം തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ സംഭവം ബ്രിട്ടന്റെ ജനാധിപത്യ രീതിയിൽ തന്നെ സമൂലമായ മാറ്റത്തിന് വഴിയൊരുക്കുന്നത്. ജനങ്ങൾക്ക് എന്നും പ്രാപ്യരായിരുന്ന എം പി മാരുടെ സുരക്ഷ വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചതോടെ ഇനി മുതൽ എം പി മാരെ കാണുക എന്നത് അല്പം ദുഷ്‌കരമായ കാര്യമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

അതിനു പുറമെയാണ് ഇപ്പോൾ, പുതിയ നിർദ്ദേശം ഉയർന്നു വന്നിരിക്കുന്നത്. കോഷർ-ഹലാൽ രീതികളിൽ നടത്തുന്ന കശാപ്പുരീതികളിൽ സമൂലമാറ്റം വരുത്തണം എന്നാവശ്യപ്പെടുന്ന എം പിമാരോട് അവരുറ്റേ വ്യക്തിഗത സുരക്ഷ വർദ്ധിപ്പിക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇസ്ലാമതത്തിലേയും യഹൂദമത്തിലേയും പരമ്പരാഗത രീതികൾ അനുസരിച്ച് കൊലചെയ്യുന്ന മൃഗങ്ങളെ അതിനു മുൻപായി പ്രഹരമേൽപിച്ച് ബൊധം കെടുത്തുന്ന രീതി പിന്തുടരുന്നില്ല. ഇത് അവസാനിപ്പിക്കണം എന്നാണ് ചില മൃഗസ്നേഹികളും സംഘടനകളും ആവശ്യപ്പെടുന്നത്.

ഈ രീതിയിൽ കശാപ്പു ചെയ്യപ്പെടുന്ന മൃഗങ്ങളുടേ എണ്ണത്തിന് പരിമിതി നിശ്ചയിക്കണമെന്ന ആവശ്യത്തെ ചില എം പിമാർ പിന്തുണയ്ക്കുന്നുണ്ട്. ഇവരോടാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുവേദികളിൽ അഭിപ്രായപ്രകടനം നടത്തുന്നത് ശ്രദ്ധിച്ചുവേണം എന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. അതോടൊപ്പം അവരുടെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

വർഗ്ഗീയ ഭ്രാന്തന്റെ കത്തിക്കിരയായ സർ ഡേവിഡ് മൃഗാവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ഒരു വ്യക്തിയായിരുന്നു. ഇപ്പോൾ, ടോറി പാർട്ടിയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ ക്രിസ് ലോഡർ അനിമൽ ബില്ലിൽ ഒരു ഭേദഗതി നിർദ്ദേശിക്കാൻ ഉദ്ദേശിക്കുകയാണ്. ഇതനുസരിച്ച്, ബോധരഹിതമാക്കാതെ കശാപ്പു ചെയ്യാൻ അനുവാദമുള്ള മൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതായിരിക്കും. ഭരണകക്ഷിയുടെ സമ്മേളനത്തിൽ ഈ നീക്കത്തിന് മന്ത്രിമാർ പിന്തുണയ്ക്കണമെന്ന് മന്ത്രി വിക്ടോറിയ പ്രെന്റിസ് പറഞ്ഞു.

ഇത് സർക്കാരിന്റെ നയമല്ലെന്നും ഒരു എം പി സമർപ്പിച്ച ഭേദഗതിയാണെന്നും വ്യക്തമാക്കിയ അവർ, പക്ഷെ ഇതിൽ സൂക്ഷ്മബോധത്തോടെ ഇടപെടലുകൾ നടത്തണമെന്നും ആവശ്യപ്പെട്ടു. വ്യത്യസ്ത മതക്കാർക്ക് അവരുടെ വിശ്വാസപ്രകാരം തന്നെ മാംസാഹാരം കഴിക്കുന്നതിനുള്ള അവകാശം സംരക്ഷിക്കപ്പെടണം. അതേസമയം, ആവശ്യത്തിലധികം മൃഗങ്ങളെ ബോധരഹിതമാക്കാതെ കശാപ്പ് ചെയ്യുന്ന നടപടി അവസാനിപ്പിക്കുകയും വേണം അവർ പറഞ്ഞു. ഈ രണ്ട് കാര്യങ്ങളും സുസാധ്യമാക്കുന്ന രീതിയിലുള്ള മാറ്റമായിരിക്കും ബില്ലിൽ കൊണ്ടുവരിക എന്നും അവർ പറഞ്ഞു.

ഹലാൽ കശാപ്പിൽ, ബോധരഹിതമാക്കിയും അല്ലാതെയുമുള്ള കശാപ്പു രീതികളുണ്ട്. ഇത്തരത്തിലുള്ള കശാപ്പുശാലകളിൽ കശാപ്പ് ചെയ്യപ്പെടുന്ന മൃഗങ്ങളിൽ 88 ശതമാനം വരെയും ബോധരഹിതമാക്കിയതിനു ശേഷംകശാപ്പ് ചെയ്യപ്പെടുന്നവയാണ്. വലിയൊരു ശതമാനം ഇസ്ലാമതം വിശ്വാസികൾക്കും ഇത് മതപരമായി സ്വീകാര്യവുമാണ്. എന്നാൽ, എല്ലാവരും ഇതിന് സമ്മതിക്കുന്നില്ല. അതുപോലെ കോഷർ രീതിയിലുള്ളതിൽ ബോധം കെടുത്തുന്നതേയില്ല.

നിയോജക മണ്ഡലങ്ങളിൽ ജനസമ്പർക്ക പരിപാടികൾ നടത്തുമ്പോൾ പരിശീലനം സിദ്ധിച്ച സുരക്ഷാ ഏജൻസികളുടെ സേവനം ലഭ്യമാക്കാനാകുമെന്ന് കഴിഞ്ഞയാഴ്‌ച്ച എം പിമാരൊട് പറഞ്ഞിരുന്നു. രാജ്യത്തിന്റെ നാശത്തിന് കാംക്ഷിക്കുന്ന വളരെ ചെറിയ ന്യുപക്ഷം വ്യക്തികളിൽ നിന്ന് എം പി മാരുടെ ജീവന് ഭീഷണിയുണ്ടെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും ജനപ്രതിനിധി സഭ സ്പീക്കർ സർ ലിൻഡ്സേ ഹോയ്ലെയും കഴിഞ്ഞയാഴ്‌ച്ച പ്രസ്താവിച്ചിരുന്നു. ഇത്തരത്തിലൊരു ജനസമ്പർക്ക പരിപാടിക്കിടയിലായിരുന്നു സർ ഡേവിഡ് എം പി കൊല്ലപ്പെട്ടത്.അതിന് അഞ്ചു വർഷം മുൻപ് ലേബർ പാർട്ടി എം പിയായിരുന്ന ജോ കോക്സും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു.