കട്ടപ്പന: അതിഥിത്തൊഴിലാളിയെ ഏലത്തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് ലഖൻപൂർ താനാ റാംഖർ സ്വദേശി ലഹീറാം ബസ്‌കിയുടെ മകൻ ബെജമിൻ ബസ്‌കി(29) ആണ് മരിച്ചത്. ജീവനൊടുക്കിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെയാണ് ബെജമിൻ ഉൾപ്പെടെ അഞ്ചംഗ സംഘം കാഞ്ചിയാർ വെങ്ങാലൂർക്കടയിലെ തോട്ടത്തിൽ ജോലിക്കായി എത്തിയത്. തോട്ടത്തിനു നടുവിൽ കുളത്തിനോടു ചേർന്ന ഷെഡിൽ ഇവരെ ക്വാറന്റീനിൽ പാർപ്പിച്ചു. ഭക്ഷണം പാകം ചെയ്യാനുള്ള വസ്തുക്കൾക്കൊപ്പം കത്തി വാങ്ങി നൽകിയിരുന്നു. ഈ കത്തി ഉപയോഗിച്ച് ഇയാൾ കഴുത്ത് മുറിക്കുക ആയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ഉച്ചഭക്ഷണം തയാറാക്കാനായി സാധനങ്ങൾ അരിഞ്ഞുകൊണ്ടിരുന്ന ബെജമിൻ കഴുത്ത് മുറിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിനു നൽകിയ മൊഴി. തോട്ടത്തിൽ പണിയെടുത്തിരുന്ന അതിഥിത്തൊഴിലാളികളും ഇയാൾ ജീവനൊടുക്കുന്നതു കണ്ടതായി മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ ഝാർഖണ്ഡിൽ നിന്ന് എത്തുന്നതിനിടെ വാഹനത്തിൽ വച്ചും ഇയാൾ അസ്വാഭാവികമായി പെരുമാറിയെന്ന് വിവരമുണ്ട്.

മാനസിക പ്രശ്നങ്ങളെത്തുടർന്ന് ജീവനൊടുക്കിയെന്നാണു നിഗമനം. ഡിവൈഎസ്‌പി വി.എ.നിഷാദ്മോന്റെയും എസ്എച്ച്ഒ വിശാൽ ജോൺസന്റെയും നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ഫൊറൻസിക് സംഘം തെളിവെടുപ്പ് നടത്തിയശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.