രാജ്യത്തെ സിവിൽ സ്റ്റാറ്റസ് നിയമത്തിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലെഫ്.ജനറൽ ഹസ്സൻ ബിൻ മുഹ്സിൻ അൽ ശർഖി നിർണായക തീരുമാനങ്ങൾ പുറപ്പെടുവിച്ചു.ഇതോടെ വിദേശികളായ താമസക്കാരുടെ റസിഡൻസ് കാർഡിന്റെ കാലാവധി മൂന്ന് വർഷമായി നീട്ടി..പത്ത് വയസിന് മുകളിലുള്ള വിദേശികളായ കുട്ടികൾക്ക് റസിഡൻസ് കാർഡ് നിർബന്ധമാക്കുകയും ചെയ്തു.

നിലവിൽ രണ്ട് വർഷമാണ് റസിഡൻസ് കാർഡിന്റെ കാലാവധി. കാർഡിന്റെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ റസിഡൻസ് കാർഡ് പുതുക്കണം. പുതിയ റസിഡൻസ് കാർഡ് എടുക്കാൻ മൂന്നുവർഷത്തേക്ക് 15 റിയാലാണ് ഈടാക്കുക. കേടായതോ നഷ്ടപ്പെട്ടതോ ആയ കാർഡുകൾ മാറ്റി കിട്ടാൻ 20 റിയാലാണ് നൽകേണ്ടത്. പത്ത് വയസിന് മുകളിലുള്ള സ്വദേശികൾക്ക് തിരിച്ചറിയൽ കാർഡും നൽകാനും തീരുമാനമായി.

കാലാവധി അഞ്ച് വർഷമായിരിക്കും. പത്ത് വയസിന് മുകളിലുള്ള വിദേശികളായ കുട്ടികൾക്ക് റസിഡൻസ് കാർഡ് നിർബന്ധമാണെന്നും ഇവ എടുക്കാത്ത പക്ഷം ഓരോമാസവും അഞ്ച് റിയാൽ പിഴ ഈടാക്കുന്നതുമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.