തിരുവനന്തപുരം: കുഞ്ഞിനെ ദത്തു നൽകിയ വിഷയത്തിൽ കുഞ്ഞിന്റെ അമ്മയും മുൻ എസ്എഫ്‌ഐ പ്രവർത്തകയുമായ അനുപമ എസ്.ചന്ദ്രനെ പിന്തുണച്ചും ശിശുക്ഷേമ സമിതിയെ തള്ളാതെയും ഡിവൈഎഫ്‌ഐ. ഈ പ്രശ്‌നത്തിൽ അമ്മയ്‌ക്കൊപ്പമാണു ഡിവൈഎഫ്‌ഐയെന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറി എ.എ.റഹിം, ശിശുക്ഷേമ സമിതി നിയമലംഘനം നടത്തിയതായി ശ്രദ്ധയിലില്ലെന്നും പറഞ്ഞു.

അനുപമയുടെ വിഷയം നിയമപ്രശ്‌നമായാണു കാണുന്നതെന്നു റഹിം പറഞ്ഞു. അതു നിയമപരമായിത്തന്നെയാണു പരിഹരിക്കപ്പെടേണ്ടത്. സമിതി ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. ഷിജുഖാന്റെ ഭാഗത്തു വീഴ്ചയുണ്ടായോ എന്നതു ഡിവൈഎഫ്‌ഐ പരിശോധിക്കുന്നില്ല. സർക്കാരിന്റെ അന്വേഷണം നടക്കുന്നുണ്ടല്ലോ. നിയമപരമായ പരിമിതികൾ ഉള്ളതിനാലാണു ഷിജുഖാൻ മാധ്യമങ്ങളോടു പ്രതികരിക്കാത്തത്.

അനുപമയും കുഞ്ഞിന്റെ പിതാവായ അജിത്തും ഡിവൈഎഫ്‌ഐ പ്രവർത്തകരായതു കൊണ്ടാണു മാധ്യമങ്ങൾ വിഷയത്തിനു കൂടുതൽ വാർത്താ പ്രാധാന്യം നൽകുന്നതെന്നു സംശയിക്കേണ്ടിവരും. ഡിവൈഎഫ്‌ഐയെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ടതില്ല. ഇതു രാഷ്ട്രീയ കാര്യമല്ലെന്നും വൈകാരിക, നിയമപ്രശ്‌നമാണെന്നും റഹിം പറഞ്ഞു.