ന്യൂഡൽഹി: ജി 20യോടനുബന്ധിച്ചുള്ള ഔദ്യോഗിക ചടങ്ങുകൾക്കായി റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസീസ് മാർപാപ്പായെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കാത്തലിക് ബിഷപ്പ്സ് കോൺഫ്രൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി സി. സെബാസ്റ്റ്യൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

ഇന്ത്യ സന്ദർശിക്കുവാനുള്ള തന്റെ ആഗ്രഹം ഇതിനോടകം ഫ്രാൻസീസ് പാപ്പ പ്രകടിപ്പിച്ചിട്ടുള്ളതാണ്. കേന്ദ്ര സർക്കാർ ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പലതവണ പറഞ്ഞെങ്കിലും ഇക്കാലമത്രയും യാതൊരു നടപടികളുമുണ്ടായിട്ടില്ല. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്് ഇന്ത്യയിലെ കത്തോലിക്കാസഭ നേതൃത്വത്തിന് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും നേരിട്ടു നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല.

ഈ മാസം 30, 31 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി 29ന് വെള്ളിയാഴ്ച റോമിലെത്തുന്ന സന്ദർഭം നല്ലൊരു അവസരമാക്കി മാർപാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും മാർപാപ്പായുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് പ്രതീക്ഷയേകുന്ന തീരുമാനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് രാജ്യവും ക്രൈസ്തവ സമൂഹവും സസന്തോഷം സ്വാഗതം ചെയ്യുമെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.