മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡ് പുതിയോട്ടിൽ നാല് സെന്റ് കോളനിയിലെ 82 വയസുകാരി കല്യാണിയമ്മക്കും മക്കൾ ശ്രീനിവാസൻ, തങ്കമണി കുടുംബത്തിനും ഇന്നലെ സന്തോഷ ദിനമായിരുന്നു. രണ്ടര പതിറ്റാണ്ടായി നാല് സെന്റ് കോളനിയിൽ താമസിക്കുന്ന ഇവർക്ക് ഭൂമിയുടെ ഉടമസ്ഥാവകാശരേഖ വീട് നിർമ്മാണ അപേക്ഷ സമർപ്പിക്കാൻ ഹാജരാക്കിയപ്പോൾ അധികൃതരിൽനിന്നും നഷ്ടപ്പെട്ടുപോയതായിരുന്നു. ആകെയുള്ള നാല് സെന്റ് ഭൂമിയുടെ രേഖ ലഭിക്കാൻ ഈ അമ്മ മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് വെൽഫെയർ പാർട്ടി ആനയാംകുന്ന് യൂണിറ്റ് കമ്മിറ്റി വിഷയത്തിൽ ഇടപെടുകയും രേഖകൾ ശരിയാക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തത്. ആറ്മാസത്തിനുള്ളിൽ തന്നെ ഇവരുടെ ഭൂമിയുടെ രേഖ ശരിയാക്കികൊടുക്കാൻ വെൽഫെയർ പാർട്ടി ഇടപെടലിലൂടെ സാധിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഭൂമിയുടെ രേഖ കല്യാണിയമ്മക്ക് കൈമാറി. പാർട്ടി കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീൻ ആനയാംകുന്ന്, എം.സി മുഹമ്മദ്, പി.വി യൂസുഫ്, ജമാൽ കുറ്റിപ്പറമ്പ്, വി. മുജീബ്, വി.പി ശമീർ എന്നിവരാണ് രേഖകൾ ശരിയാക്കാൻ നേതൃത്വം നൽകിയത്. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചർ, മുക്കം നഗരസഭ കൗൺസിലർമാരായ എ ഗഫൂർ മാസ്റ്റർ, സാറ കൂടാരം, ഫാത്തിമ കൊടപ്പന, ടി.കെ അബൂബക്കർ എന്നിവരും സന്നിഹിതരായി.