കൊട്ടിഘോഷിച്ച് ആരംഭമിട്ടെങ്കിലും ചൈനീസ്-റഷ്യൻ രാഷ്ട്ര തലവന്മാർ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ ശോഭ മങ്ങിയ ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിക്ക് വീണ്ടും തിരിച്ചടി. അടുത്തയാഴ്‌ച്ച നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ രാജ്ഞി പങ്കെടുക്കില്ലെന്ന കാര്യം ഉറപ്പായി. കഴിഞ്ഞ ദിവസം രഹസ്യമായി ഒരു ദിവസം ആശുപത്രിയിൽ കഴിഞ്ഞതിന്റെ തുടർന്ന് രാജ്ഞിയുടെ ആരോഗ്യത്തെ കുറിച്ച് അഭ്യുഹങ്ങൾ പരന്നിരുന്നു.

ഗ്ലാസ്ഗോയിലെ ചരിത്രപ്രാധാന്യമുള്ള സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കാൻ രാജ്ഞി തയ്യാറായതായിരുന്നു. എന്നാൽ, ഇനി അതിനും കേവല ആറു ദിവസം മാത്രം ബാക്കി നിൽക്കേയാണ് പരിപാടി റദ്ദ് ചെയ്തതായി ബക്കിങ്ഹാം പാലസ് അറിയിച്ചത്. അതിനുപകരം വിൻഡ്സർ കാസിലിൽ വെച്ച് രാജ്ഞിയുടെ സന്ദേശം വീഡിയോയിൽ പകർത്തി സമ്മേളന സ്ഥലത്ത് പ്രദർശിപ്പിക്കും എന്നാണ് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അവസാന നിമിഷത്തിൽ നോർത്തേൺ അയർലൻഡിലേക്കുള്ള യാത്രയും രാജ്ഞി റദ്ദാക്കിയിരുന്നു.

അതേസമയം, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള ഒരു മുൻകരുതൽ മാത്രമാണ് ഗ്ലാസ്ഗോ സമ്മേളനം റദ്ദ് ചെയ്തതിന്റെ കാരണം എന്ന് കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു. പൂർണ്ണ വിശ്രമം വേണമെന്ന് ഡോക്ടർമാർ പറഞ്ഞതിന്റെ തുടർന്ന് വളരെ ചെറിയ ചെറിയ ഉത്തരവാദിത്തങ്ങൾ മാത്രമാണ് ഇപ്പോൾ രാജ്ഞി നിർവ്വഹിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ 800മൈലിലേറെ ദൂരമുള്ള ഗ്ലാസ്ഗോയിലേക്കുള്ള യാത്ര നല്ലതല്ല എന്ന തീരുമാനത്തിലായിരുന്നു അത് റദ്ദ് ചെയ്തത് എന്നും അവർ പറഞ്ഞു.

പരിപാടി റദ്ദ് ചെയ്യേണ്ടി വന്നതിൽ രാജ്ഞിക്ക് അതിയായ ഖേദമുണ്ടെന്ന് പറജ കൊട്ടാരം വക്താവ് പക്ഷെ കഴിഞ്ഞയാഴ്‌ച്ച രജ്ഞിയെ എന്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നു പറഞ്ഞില്ല. രാജ്ഞിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 36 മണിക്കൂർ കഴിഞ്ഞപ്പോൾ വിവരം മാധ്യമങ്ങൾക്ക് ചോർന്നു കിട്ടുകയായിരുന്നു. പിന്നീട് ഇക്കാര്യം കൊട്ടാരം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ചില പ്രാഥമിക പരിശോധനകൾക്കായാണ് ലണ്ടനിലെ കിങ് എഡ്വേർഡ് ഏഴാമൻ ആശുപത്രിയിൽ രാജ്ഞിയെ പ്രവേശിപ്പിച്ചത് എന്നാണ് കൊട്ടാരം നൽകുന്ന സൂചന.

ബ്രിട്ടീഷ് രാജ്ഞിയെ പോലെ ലോകമെമ്പാടും ആളുകൾ ബഹുമാനിക്കുന്ന രാഷ്ട്ര തലവന്മാർ തുലോം വിരളമാണ്. അതുകൊണ്ടു തന്നെ രാജ്ഞിയുടെ പിന്മാറ്റം കോപ് 26 ന്റെ ശോഭ കെടുത്തും എന്നതിൽ സംശയമൊന്നുമില്ല. ഇപ്പോൾ തന്നെ കാർബൺ പ്രസരണ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈന, റഷ്യ, ബ്രസീൽ എന്നീ രാഷ്ട്രങ്ങളിലെ തലവന്മാർ പങ്കെടുക്കാത്തതിനാൽ ഈ സമ്മേളനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എത്രമാത്രം കൈവരിക്കാൻ കഴിയുമെന്ന ആശങ്ക നിലനിൽക്കുന്നു.