സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി ഉപേക്ഷിക്കുക; കേരളത്തെ രക്ഷിക്കുക, ബദൽ സംവിധാനങ്ങൾ വികസിപ്പിച്ച് യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കുക, എന്നീ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് ആഭിമുഖ്യത്തിൽ ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ജനകീയ കൺവെൻഷൻ ചേർന്നു.

കേരളത്തെ രണ്ടായി വിഭജിക്കുകയും നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ലക്ഷക്കണക്കിന് ജനങ്ങൾക്ക് വളരെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും കേരളത്തെ കടക്കെണിയിലേക്ക് തള്ളുകയും ചെയ്യുന്ന കെ - റയിൽ പദ്ധതി ജനകീയ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി അല്ലെന്നും മറിച്ച് അതിൽ നിന്ന് ലഭിക്കുന്ന കമ്മീഷൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജസ്റ്റിസ് കമാൽ പാഷ അഭിപ്രായപ്പെട്ടു.

നിലനിൽക്കുന്ന റെയിൽവേ ലൈനിന്റെ വളവുകൾ നിവർത്തി കൊണ്ടും സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊണ്ടും യാത്രാക്ലേശം പരിഹരിക്കാം എന്നിരിക്കെ വിദേശ മുതലാളിമാരുടെ താത്പര്യത്തിന് വഴങ്ങി കൊണ്ടാണ് തന്നിഷ്ടപ്രകാരം ഇന്ന് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേരള ഗവൺമെന്റ് കണക്കാക്കുന്ന തുകയുടെ ഇരട്ടിയിലധികം പദ്ധതിക്കുവേണ്ടി ചെലവാകുമെന്ന് നീതി ആയോഗ് അഭിപ്രായപ്പെടുന്നു. ഇതുസംബന്ധമായി നടത്തിയ സർവ്വേ പോലും ആകാശത്തുനിന്നുള്ള സർവേ ആണ് എന്നും യാതൊരു മാനദണ്ഡവും കൂടാതെ ഒരു ഫ്രഞ്ച് കമ്പനിക്കാണ് ടെൻഡർ ലഭിച്ചത് എന്നതും ഗവൺമെന്റിന്റെ യാഥാർത്ഥ്യബോധത്തെയും ഉദ്ദേദേശശുദ്ധിയെയും കാണിക്കുന്നു എന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. സിസ്ട്ര എന്ന് പേരുള്ള ഈ വിവാദ ഫ്രഞ്ച് കമ്പനിക്ക് 27 കോടി രൂപയാണ് പ്രതിഫലമായി നൽകിയത്. സാമ്പത്തിക സ്രോതസ്സിനു വേണ്ടി നിരവധി വിദേശ കമ്പനികളെ സമീപിച്ചതായും അറിവായിട്ടുണ്ട്. അതിൽനിന്നും കേരളത്തിന്റെ ഭൂമി പണയം വച്ചുകൊണ്ട് വിദേശ കമ്പനികളിൽ നിന്നും കടം എടുക്കുക എന്നതാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാം. ഇതിന്റെ പ്രത്യാഘാതങ്ങൾ വളരെ ദൂരവ്യാപകമായിരിക്കും - പ്രതിപക്ഷ നേതാവ് തുടർന്നു പറഞ്ഞു.

ജനദ്രോഹ നടപടികളുടെ കാര്യത്തിൽ പിണറായി വിജയൻ ഗവൺമെന്റ് സർവ്വകാല റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണെന്ന് കൺവെൻഷന് അധ്യക്ഷതവഹിച്ചു കൊണ്ട് പ്രൊഫ. ബി. രാജീവൻ അഭിപ്രായപ്പെട്ടു. 135000 കോടിയുടെ വലിയ കടക്കെണിയിലേക്ക് കേരളത്തെ തള്ളിവിടുന്നതും 25000 കുടുംബങ്ങളെ കൂടിയൊഴിപ്പിക്കുന്നതും കേരളത്തിന്റെ ഭക്ഷ്യ, ജല, കാലാവസ്ഥാ സുരക്ഷയെ തകിടം മറിക്കുന്നതുമായ ഈ പദ്ധതി കേരളത്തിന്റെ പരിസ്ഥിതിയിലെ വർധിച്ചു വരുന്ന ആഘാതങ്ങൾക്ക് ആക്കംകൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ ഇടതുപക്ഷത്തിന്റെയും വിപ്ലവ രാഷ്ട്രീയത്തിന്റെയും വീമ്പു പറഞ്ഞു കൊണ്ടാണ് എന്നതാണ് വിരോധാഭാസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊട്ടി പൊളിഞ്ഞു കിടക്കുന്ന പിഡബ്ല്യുഡി റോഡുകൾ നന്നാക്കാൻ യാതൊരു താൽപര്യവും ഇല്ലാത്ത ഗവൺമെന്റ് ആണ് ഹൈസ്പീഡ് റെയിൽ കൊറിഡോർ ഉണ്ടാക്കാൻ പോകുന്നതെന്ന് തുടർന്ന് സംസാരിച്ചുകൊണ്ട് അഡ്വ ജയശങ്കർ പരിഹസിച്ചു. ഒട്ടും അനിവാര്യമല്ലാത്ത ഈ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി അനുവദിക്കാൻ പാടില്ലെന്നും മറിച്ച് വളരെയധികം അപകടകരമായ ഈ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി അനുവദിക്കുകയാണെങ്കിൽ ഭാവിതലമുറയോട് ഇന്നത്തെ കേരളീയ സമൂഹം മറുപടി പറയേണ്ടിവരുമെന്നും തുടർന്ന് പ്രഭാഷണം നടത്തി കൊണ്ട്  കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ഈ ജനവിരുദ്ധ പദ്ധതിക്കെതിരെ വമ്പൻ ബഹുജനപ്രക്ഷോഭം വളർത്തിയെടുത്തുകൊണ്ട് കല്ലിടൽ മുതൽ ഓരോ നടപടിയും ബഹുജനങ്ങൾ തടയണമെന്ന് തുടർന്ന് സംസാരിച്ചുകൊണ്ട് ഡോക്ടർ ആസാദ് അഭിപ്രായപ്പെട്ടു

അഡ്വ. ജോസഫ് എം പുതുശ്ശേരി, കെ. എം. ഷാജഹാൻ, എംസിപിഐ യു സംസ്ഥാന സെക്രട്ടറി ശ്രീകുമാർ, ആം ആദ്മി പാർട്ടിക്ക് വേണ്ടി എം എസ് വേണുഗോപാൽ, സ്വരാജ് ഇന്ത്യയ്ക്കുവേണ്ടി വേണുഗോപാൽ, CPI ml സംസ്ഥാന സെക്രട്ടറി സഖാവ് സുശീലൻ , CPI ML റെഡ്സ്റ്റാർ നേതാവ് പി.സി. സുബ്രമണ്യൻ 1 ശ്രീ ജോൺ പെരുവന്താനം, പ്രേം ബാബു, പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് കൺവീനർ ബാബുജി, ശ്രീ പി റ്റി ജോൺ, ഡോ. ജയകുമാർ , ഇ.പി.അനിൽ എന്നിവർ സംസാരിച്ചു. ഒരു വമ്പൻ പ്രക്ഷോഭണം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രഭാഷകർ ചൂണ്ടിക്കാട്ടി.

തുടർന്ന് വമ്പൻ ബഹുജനപ്രക്ഷോഭം വളർത്തിയെടുക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന പ്രമേയം ബാബുജി അവതരിപ്പിച്ചു. ഭാവി സമരപരിപാടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് നേതൃത്വം നൽകുന്നതിന് വേണ്ടി പ്രൊഫ. ബി. രാജീവൻ ചെയർമാനായും അഡ്വ ജോൺ ജോസഫ് കൺവീനർ ആയുമുള്ള ഒരു കോർ കമ്മിറ്റിയും തെരഞ്ഞെടുത്തു.