കണ്ണൂർ:ഫാഷൻഗോൾഡ് നിക്ഷേപ തട്ടിപ്പ് മാതൃകയിൽ കണ്ണൂരിലും തട്ടിപ്പ് നടത്തിയ മുൻ മുസ്ലിം ലീഗ് നേതാവിനെതിരെ രണ്ടു പരാതിയിൽ കൂടി കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. കണ്ണുർസിറ്റി സ്വദേശിനി എം. ഷഫീനയുടെ 63. 05 പവനും 35000 രൂപയും തട്ടിയ പരാതിയിലും കക്കാട് സ്വദേശി സൽമാന്റെ 270000 രൂപയും തട്ടിയെന്ന പരാതിയിലുമാണ് അത്താഴക്കുന്ന് കേരമ്പേത്ത് വീട്ടിൽ കെ.പി. നൗഷാദി (47)നെതിരെ രണ്ടു കേസുകൾ കൂടി ചുമത്തിയത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാൾ റിമാൻഡിലാണ്.

കണ്ണൂർ ഫോർട്ട് റോഡിലെ സികെ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ജൂവലറിയിൽ മാർക്കറ്റിങ് ജനറൽ മാനേജരായി ജോലിചെയ്തിരുന്ന അത്താഴക്കുന്ന് കേരമ്പേത്ത് വീട്ടിൽ കെ.പി. നൗഷാദി (47)നെയാണ് ഇന്നലെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കണ്ണൂർ ടൗൺ സിഐ ശ്രീജിത്തുകൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അൻ പതോളം പേരിൽ നിന്നും പണവും സ്വർണവും വാങ്ങി ഇയാൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. വിദേശത്ത് നിന്നും പ്രതി തിരിച്ചു വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് രഹസ്യമായി നടത്തിയ നീക്കത്തിലാണ് പിടിയിലാകുന്നത്.

ഇയാൾക്കെതിരേ നിലവിൽ പത്തു പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജൂവലറിയിൽ ജനറൽ മാനേജരെന്ന നിലയിലാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കൂടുതൽ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിക്കുകയായിരുന്നു. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചത്. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് വലിയ നിരക്കിലുള്ള പലിശ വാഗ്ദാനം ചെയ്തിരുന്നു. ജൂവലറി ഒരുലക്ഷത്തിന്1000 രൂപയായിരുന്നു പലിശ നൽകിയിരുന്നത്.

മുദ്രപ്പത്രത്തിൽ കരാറെഴുതിയായിരുന്നു നിക്ഷേപം സ്വീകരിക്കുന്നത്. പഴയ സ്വർണം നൽകുന്നവർക്ക് 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ സമാനമായ അളവ് സ്വർണം നൽകുന്ന പദ്ധതിയും സികെ ഗോൾഡിൽ ഉണ്ടായിരുന്നു. ജൂവലറി അധികൃതർ അറിയാതെ പലരിൽനിന്ന് നൗഷാദ് സ്വർണം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, സ്വർണം ജൂവലറിയിൽ എത്തിയിരുന്നില്ലെന്ന് ഉടമകൾ പറയുന്നു. 35 പവൻ വരെ നഷ്ടപ്പെട്ടവരുണ്ട്. മുൻകൂർ പണം നൽകാതെ സ്വർണം വാങ്ങിയവരിൽനിന്ന് കൈപ്പറ്റിയ പണം ജൂവലറിയിൽ അടച്ചില്ലെന്നും പരാതിയുണ്ട്. മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന് പരാതി നൽകിയതിനെ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു'