- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ തടയാൻ ശ്രമിച്ചയാളെ ബോണറ്റിൽ കുരുക്കി കാർ മുന്നോടെട്ടുത്ത് ഡ്രൈവർ; 27കാരനുമായി കാർ പോയത് രണ്ട് കിലോമീറ്റർ ദൂരം: അറസ്റ്റ് ചെയ്ത് പൊലീസ്
ഒറ്റപ്പാലം: കാർ തടയാൻ ശ്രമിക്കുന്നതിനിടെ വീണു ബോണറ്റിൽ അള്ളിപ്പിടിച്ചു കിടന്ന യുവാവുമായി കാർ മുന്നോട്ട് പോയി. അമിത വേഗത്തിൽ രണ്ട് കിലോമീറ്റർ ദൂരം പോയ കാർ നിർത്തിയത് പൊലീസ് സ്‌റ്റേഷനിൽ. അപകടകരമായി വണ്ടിയോടിച്ചതിനു ചുനങ്ങാട് പിലാത്തറ സ്വദേശി ഉസ്മാനെ (32) പൊലീസ്് അറസ്റ്റ് ചെയ്തു. ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടർവാഹന വകുപ്പിനോടു ശുപാർശ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
വണ്ടിയുടെ ബോണറ്റിൽ അള്ളിപ്പിടിച്ചു കിടന്ന മലപ്പുറം താഴേക്കോട് ചോലമുഖത്ത് ഫാസിൽ (27) ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബെൽറ്റ്, പഴ്‌സ്, തൊപ്പി പോലുള്ള ഉൽപന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനാണു ഫാസിൽ. ഉസ്മാൻ സാധനങ്ങൾ എടുത്തതിന്റെ എഴുപതിനായിരത്തിലേറെ രൂപ നൽകാനുണ്ടെന്നു ഫാസിൽ പറയുന്നു. അവധി പലതു കഴിഞ്ഞതോടെയാണു ഫാസിലും സുഹൃത്തുക്കളും ഉസ്മാനെ തേടി ഇന്നലെ പത്തൊൻപതാം മൈലിലെ താമസസ്ഥലത്തെത്തിയത്.
രാവിലെ ആറോടെ ഉസ്മാൻ വീട്ടിൽ നിന്നു കാറിൽ പുറത്തിറങ്ങിയപ്പോൾ വഴിയിൽ തടഞ്ഞു. വേഗം കുറയ്ക്കാതെ മുന്നോട്ടു നീങ്ങിയ കാർ ഫാസിലിന്റെ ദേഹത്തു തട്ടിയെന്നാണു പരാതി. ബോണറ്റിലേക്കു വീണിട്ടും കാർ നിർത്താതെ അതിവേഗം ഓടിച്ചു. ഫാസിലിന്റെ സുഹൃത്തുക്കൾ പിന്തുടർന്നതോടെ ഉസ്മാൻ പൊലീസ് സ്റ്റേഷനിലേക്കു കാർ ഓടിച്ചു കയറ്റി. ഇതിനു ശേഷമാണു ബോണറ്റിൽ നിന്ന് ഫാസിലിന് ഇറങ്ങാനായത്. കസ്റ്റഡിയിലെടുത്ത കാർ കോടതിയിൽ ഹാജരാക്കും.