- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഫോഴ്സിലെ ജോലി രാജിവെച്ച് ബ്രഹ്മകുമാരീസിൽ ചേർന്ന മഹാൻ; ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സ്ഥാപകനായ രാജയോഗി: അന്തരിച്ച ബ്രഹ്മകുമാർ വാസൻ ഭായ്ജിയുടെ സംസ്ക്കാരം ഇന്ന്
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ബ്രഹ്മകുമാർ വാസൻ ഭായ്ജി (75)യുടെ സംസ്ക്കാരം ഇന്ന് നടക്കും. വ്യാഴാഴ്ച രാവിലെ 10 മണി വരെ ബ്രഹ്മകുമാരീസ് ഇടപ്പള്ളി സേവാകേന്ദ്രത്തിലും ശേഷം നെടുമ്പാശേരിയിലുള്ള ബ്രഹ്മകുമാരീസിന്റെ രാജയോഗ ഭവനത്തിലും ദർശനത്തിനു വച്ചതിനു ശേഷം വൈകുന്നേരം 3 മണിയോടെ കപ്രശേരിയിലെ പൊതുശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ.
പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സ്ഥാപകനും ആചാര്യ സ്ഥാനീയനുമായ രാജയോഗിയായിരുന്നു അദ്ദേഹം. കഴിഞ്ഞ 45 വർഷത്തിലധികമായി തന്റെ ജീവിതം പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിനായി സമർപ്പിച്ചു കേരളത്തിലങ്ങോളമിങ്ങോളം നിരവധി രാജയോഗ സേവാകേന്ദ്രങ്ങൾക്കു തുടക്കം കുറിച്ചു. നിലവിൽ എറണാകുളം -തൃശൂർ ബ്രഹ്മകുമാരീസിന്റെ ഡയറക്ടർ ആണ്. 1973 ൽ ബ്രഹ്മകുമാരീസിനു വേണ്ടി ജീവിതം സ്വയം സമർപ്പിച്ച വാസൻ കേരളത്തിൽ ബ്രഹ്മകുമാരീസിന്റെ സേവനപ്രവർത്തനങ്ങൾക്ക് നാല് ദശാബ്ദങ്ങളായി ചുക്കാൻ പിടിച്ചുവരികയായിരുന്നു.
കൊല്ലം ഓച്ചിറ സ്വദേശിയായ വാസൻ വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു വരുമ്പോഴാണ് രാജസ്ഥാനിലെ മൗണ്ട് ആബു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രഹ്മകുമാരീസിന്റെ സേവനപ്രവർത്തനങ്ങളിൽ ആകൃഷ്ടനായത്. രാജയോഗിയായി മാറിയ അദ്ദേഹം പിന്നീടു ജോലി രാജിവച്ച് ബ്രഹ്മകുമാരീസിന്റെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി മാറി.
മറുനാടന് മലയാളി ബ്യൂറോ