- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയുടെ പുതിയ അതിർത്തി നിയമം ഏകപക്ഷീയം; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
ന്യുഡൽഹി: ചൈനയുടെ പുതിയ അതിർത്തി നിയമത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ചൈന അടുത്തിടെ പാസാക്കിയ അതിർത്തി പ്രദേശങ്ങളുടെ സംരക്ഷണവും ചൂഷണവും സംബന്ധിച്ച പുതിയ നിയമത്തിലാണ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചത്. 'ഏകപക്ഷീയമായ നീക്കം' എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ചൈന പുതിയ നിയമം പാസാക്കിയത്. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സാഹചര്യങ്ങൾ ഏകപക്ഷീയമായി മാറ്റാൻ സാധിക്കുന്ന ഈ നിയമത്തിന്റെ മറവിൽ അതിർത്തിയിൽ ചൈന എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതിർത്തിയും അതിർത്തിയിലെ പരമാധികാരവും സംരക്ഷിക്കുന്നതിനും ഇവയ്ക്കെതിരായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനും ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ് ചൈന ശനിയാഴ്ച പാസാക്കിയ പുതിയ നിയമം. അതിർത്തിയിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് പിന്തുണ നൽകുന്നതുമാണ് നിയമമെന്ന് ചൈന പറയുന്നു.
അതിർത്തി പ്രദേശങ്ങളിലെ പൊതുസേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതത്തെയും ജോലിയെയും പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും നിയമത്തിൽ അനുശാസിക്കുന്നതായി ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
അതിർത്തി പരിപാലനത്തിലും അതിർത്തി പ്രശ്നത്തിലും നിലവിലുള്ള ഉഭയകക്ഷി ക്രമീകരണങ്ങളിൽ സ്വാധീനം ചെലുത്തുന്ന ഒരു നിയമനിർമ്മാണം കൊണ്ടുവരാനുള്ള ചൈനയുടെ ഏകപക്ഷീയമായ തീരുമാനം ഞങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.