ഹൂസ്റ്റൺ : ഒരു വർഷത്തോളം പഴക്കമുള്ള 8 വയസ്സുകാരന്റെ അഴുകിയ മൃതശരീരത്തോടൊപ്പം ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്നു കുട്ടികളെ കണ്ടെത്തിയ സംഭവത്തിൽ കുട്ടികളുടെ മാതാവിനെയും കാമുകനെയും ഹൂസ്റ്റൺ പൊലീസ് ഒക്ടോ: 26 ന് അറസ്റ്റ് ചെയ്തു . കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം ലഭിച്ചിട്ടില്ല .

മൂന്നു കുട്ടികളിൽ 15 വയസ്സുള്ളവനാണ് പൊലീസിനെ 911 ൽ വിളിച്ച് വിവരം അറിയിച്ചത് , തന്നോടൊപ്പം 10 ഉം 7 ഉം വയസ്സുള്ള കുട്ടികൾ കൂടി ഉണ്ടെന്നും 15 വയസ്സുകാരൻ അറിയിച്ചതായി ഹാരിസ് കൗണ്ടി ഷെരീഫ് ഗോൺസാൽവസ് പറഞ്ഞു .

മാതാവ് ഗ്ലോറിയ വില്യംസ് (35) കാമുകൻ ബ്രയാൻ കോൾട്ടർ (31) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത് .2020 ലായിരിക്കും 8 വയസ്സുകാരൻ കൊല്ലപ്പെട്ടതെന്ന് ഷെരീഫ് പറഞ്ഞു . മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട് .

മാതാവും കാമുകനും കൂടെ പതിനഞ്ചു മിനിറ്റ് ദൂരത്താണ് താമസിച്ചിരുന്നത് , ഇടക്കിടക്ക് മാതാവ് കുട്ടികൾക്ക് ചില സാധനങ്ങൾ ഭക്ഷിക്കാൻ നൽകിയിരുന്നുവെങ്കിലും , ഇവർക്ക് ശരിയായ ഭക്ഷണം നൽകിയിരുന്നത് അയൽവാസിയായ രണ്ടുപേരായിരുന്നു . മാതാവ് തങ്ങളെ ഭയപെടുത്തയിരുന്നതിനാലാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് 15 വയസ്സുകാരൻ പറഞ്ഞു . പോഷകാഹാര കുറവ് മൂലം വളരെ ശോഷിച്ച നിലയിലായിരുന്നു മൂന്നു കുട്ടികളും .

തിങ്കളാഴ്ച മാതാവിനെയും കാമുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച രണ്ടു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു . 8 വയസ്സുകാരന്റെ കൊലപാതകമാണ് കാമുകനെതിരെ ചുമത്തിയിരിക്കുന്നത് . കുട്ടികളെ ഉപേക്ഷിച്ചതിനാലാണ് മാതാവിന്റെ അറസ്റ്റ് . മൂന്നു കുട്ടികളും സിപിഎസ് കസ്റ്റഡിയിലാണ് . ഒരു കൊല്ലമായും കൊലപാതകത്തെക്കുറിച്ച് അറിയാതിരുന്ന അപ്പാർട്ട്മെന്റ് താമസക്കാരുടെ ഭീതി ഇതുവരെ വിട്ട് മാറിയിട്ടില്ല.