സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന്  ടൂറിസം മന്ത്രാലയം. ഇത്തരമൊരു കാര്യത്തെ കുറിച്ച് സൗദി അറേബ്യ ആലോചിച്ചിട്ടുപോലുമില്ല. സൗദിയിലെത്തിയ ടൂറിസ്റ്റുകളുടെ സർവേയിലും പരാതികളുണ്ടായിരുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു.

സൗദിയിൽ പ്രത്യേകം നിശ്ചയിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മദ്യം ഉപയോഗിക്കാൻ വിദേശികളെ അനുവദിക്കുമെന്ന തരത്തിലാണ് വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത്. ഈ റിപ്പോർട്ടുകൾ ടൂറിസം മന്ത്രി അഹ്‌മദ് അൽഖതീബ് നിഷേധിച്ചു. കോവിഡിനു മുമ്പ് വിനോദ സഞ്ചാരികളുടെ ഇഷ്ടങ്ങളറിയാൻ സൗദി സർവേ നടത്തിയിരുന്നു. സൗദിയിലെ മദ്യം നിരോധനത്തിൽ വിദേശ ടൂറിസ്റ്റുകളിൽ നിന്ന് പരാതികൾ ഉയർന്നിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അടുത്ത വർഷം സ്വദേശികളും വിദേശികളും അടക്കം അഞ്ചു കോടി ടൂറിസ്റ്റുകൾ രാജ്യത്തെത്തും. ആഭ്യന്തര, അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള പദ്ധതിയും സൗദി തയ്യാറാക്കിയതായി മന്ത്രി അറിയിച്ചു. സൗദിയിലെ നിയമമനുസരിച്ച് മദ്യവും, ലഹരി പദാർഥങ്ങളും നിയമവിരുദ്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് നേരെ നിയമനടപടിയുണ്ടാകാറുണ്ട്.