കൊച്ചി: ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ പി ഹോർമിസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

എംബിബിഎസ്, എൻജിനീയറിങ്, ബിഎസ് സി നഴ്‌സിങ്, എംബിഎ എന്നിവ കൂടാതെ കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള ബിഎസ് സി അഗ്രികൾചർ, ബിഎസ് സി (ഓണേഴ്‌സ്) കോ-ഓപറേഷൻ & ബാങ്കിങ് വിത്ത് അഗ്രികൾച്ചർ സയൻസസ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ കോളെജുകളിൽ 2021-2022 വർഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷിക്കേണ്ടത്. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.

കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭ്യമാക്കിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്‌കോളർഷിപ്പായി ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓരോ കോഴ്‌സിലും ഒരു സ്‌കോളർഷിപ്പ് മാറ്റിവച്ചിട്ടുണ്ട്. പ്രസ്തുത അപേക്ഷകർ ഡിഎംഒ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെയോ ബാങ്ക് അംഗീകരിച്ച മെഡിക്കൽ ഓഫീസറുടെയോ സാക്ഷ്യപത്രം തെളിവായി നൽകേണ്ടതാണ്. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അഭാവത്തിൽ സ്‌കോളർഷിപ്പ് പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഡിസംബർ 31. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക:https://www.federalbank.co.in/corporate-social-responsibility