- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റോഡിലെ ഡിവൈഡറിൽ ഇരിക്കുമ്പോൾ നിയന്ത്രണം വിട്ട് ട്രക്ക് ഇടിച്ചുകയറി; തിക്രിയിൽ ട്രക്കിടിച്ചു മരിച്ചത് കർഷക പ്രക്ഷോഭത്തിനെത്തിയ മൂന്ന് സ്ത്രീകൾ: ഡ്രൈവർ അറസ്റ്റിൽ
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത ശേഷം റോഡിലെ ഡിവൈഡറിൽ ഇരുന്ന സ്ത്രീകൾക്കു മേൽ ട്രക്ക് ഇടിച്ചുകയറി മൂന്ന് പേർ മരിച്ചു. രണ്ട് പേർക്കു പരുക്കേറ്റു. ഡൽഹി ഹരിയാന അതിർത്തിയിലെ തിക്രിയിൽ ഇന്നലെ രാവിലെ 5.45 നായിരുന്നു സംഭവം. പഞ്ചാബിലെ മൻസ സ്വദേശികളായ അമർജീത് കൗർ, ഗുർമേൽ കൗർ, സുഖ്വിന്ദർ കൗർ എന്നിവരാണു മരിച്ചത്.
അപകടമുണ്ടാക്കിയ അലിഗഡ് സ്വദേശിയായ ട്രക്ക് ഡ്രൈവറെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണു നിഗമനം. പ്രക്ഷോഭ കേന്ദ്രത്തിനു സമീപമുള്ള റോഡിൽ ഡിവൈഡറിൽ ഇരിക്കുകയായിരുന്ന ഇവർക്കു മേൽ നിയന്ത്രണം വിട്ട് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രക്ഷോഭത്തിൽ പങ്കെടുത്ത ശേഷം നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു ഇവർ.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പഞ്ചാബ് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടം കരുതിക്കൂട്ടിയാണോ എന്ന് അന്വേഷിക്കണമെന്നു സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ബിജെപി അനുകൂല സംഘടനയിലെ പ്രവർത്തകർ സിംഘുവിൽ കർഷകരെ ആക്രമിക്കാൻ ലക്ഷ്യമിട്ട് എത്തിയതായി മോർച്ച ആരോപിച്ചു.